ചവറ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള താലൂക്കാശുപത്രിയിലെ താൽക്കാലിക ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ലെന്ന് പരാതി. നീണ്ടകര താലൂക്കാശുപത്രിയിലെ 20 താൽക്കാലിക ജിവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്.
കഴിഞ്ഞ എല്‍.ഡി.എഫ് ബ്ലോക്ക് ഭരണകാലത്ത് കയറിയവരാണ് ഇവര്‍. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, റേഡിയോ ഗ്രാഫര്‍, ലാബ് ടെക്നീഷ്യന്, അറ്റന്‍ഡര്‍ വിഭാഗങ്ങളിലുള്ളവർക്കാണ് ജോലി ചെയ്ത് പതിനഞ്ചു ദിവസത്തെ ശമ്പളയിനത്തില്‍ മൂന്നുമാസമായി കുടിശ്ശികയുള്ളത്.
നേരത്തേ 30 ദിവസം ജോലിയുണ്ടായിരുന്നത് ഇപ്പോള്‍ 15 ദിവസമായി കുറച്ചിരിക്കുകയാണെന്നും തങ്ങളെ സ്ഥിരപ്പെടുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. കോവിഡ് കാലത്ത് കുടുംബത്തെപ്പോലും മറന്ന് ജോലി ചെയ്ത തങ്ങളെ ബ്ലോക്ക് ഭരണസമിതി പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുകയാണ്. നേരത്തേ എട്ടുമുതല്‍ അഞ്ചുവരെയായിരുന്ന ജോലി സമയം ഇപ്പോൾ എട്ടുമുതല്‍ രണ്ടുവരെയാക്കിയതിനാല് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുള്‍പ്പെടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു.
ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ, ആരോഗ്യമന്ത്രി, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് ജീവനക്കാര്‍ നിവേദനം നല്‍കിയിരിക്കുകയാണ്. എന്നാല്‍, താൽക്കാലിക ജീവനക്കാര്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും കുടിശ്ശിക നല്‍കിയെന്നും ഒരുമാസത്തെത് മാത്രമാണ് ബാക്കിയെന്നും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി പറഞ്ഞു.
കോവിഡ് കാലത്ത് ആശുപത്രിയിലെ വരുമാനം കുറഞ്ഞത് കൊണ്ടാണ് കുടിശ്ശിക വന്നത്.എത്രയും പെട്ടെന്ന് ഒരുമാസത്തെ കുടിശ്ശിക നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.