ചവറ: നിരവധി കേസുകളിലുള്‍പ്പെട്ട യുവാക്കളെ പൊലീസ് പിടികൂടി. വര്‍ക്കല സ്വദേശികളായ അനന്തന് (21), ഋഷിന് (22) എന്നിവരെയാണ് ചവറ പൊലീസും കണ്ട്രോള് റൂം പൊലീസും സംയുക്തമായി പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ പൊലീസിനെ കണ്ട് ഓടിപ്പോയി.
കാറില്‍ വര്‍ക്കലയില്‍നിന്ന് ഇവര്‍ കൊല്ലത്തേക്ക് വരുന്നെന്ന വിവരമറിഞ്ഞ പൊലീസ് സംഘം പിടികൂടാനായി നിരീക്ഷണം നടത്തി വരുകയായിരുന്നു. ഈ സമയം കൊല്ലത്തെ ഒരു ഗോഡൗണിന് മുന്നില്‍വെച്ച് മറ്റൊരു കേസിലുള്‍പ്പെട്ട യുവാവുമായി ഇവര്‍ സംസാരിക്കുന്നതറിഞ്ഞ പൊലീസ് ഇവിടെയെത്തി. പൊലീസ് വരുന്നത് കണ്ട ഇവര്‍ കാറില്‍ കയറി കരുനാഗപ്പള്ളി ഭാഗത്തേക്ക് പാഞ്ഞു.
സംഭവമറിഞ്ഞ ചവറ പൊലീസ് നീണ്ടകരയില്‍ ഇവരുടെ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയും എ.എം.സി മുക്കിന് കിഴക്കു വശത്തെ റോഡിലേക്ക് കാര്‍ വെട്ടിത്തിരിച്ച് വിടുകയും ചെയ്തു. ഇവരെ പിന്തുടർന്നെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതികൾ സമീപത്തെ വീടിന്റെ മതില് ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇതിനിടെ പ്രതികളെ പിടികൂടാൻ ശ്രമിച്ച പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് ചില പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പിന്നീട് ബലപ്രയോഗത്തിലൂടെ ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.