ചവറ: മുൻവിരോധത്താൽ യുവാവിനെ ആക്രമിക്കുകയും സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ബൈക്കുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിലായി. പന്മന ഹരിഭവനത്തിൽ ഹരികൃഷ്ണൻ (21), പന്മന, ഹരിഭവനത്തിൽ അമൽകൃഷ്ണൻ (19), പന്മന മുല്ലക്കേരി, തൊടിയിന്നേൽ വീട്ടിൽ കിരൺ (23), പന്മന കാരാളിൽ വീട്ടിൽ ആകാശ് (20), പന്മന മുല്ലക്കേരി വലിയവീട്ടിൽ കിഴക്കതിൽ അഭിലാഷ് (19) എന്നിവരാണ് പിടിയിലായത്.
എട്ടിന് പുലർച്ചെ ഒന്നോടെ ചവറ വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗാനമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലക ഇരണിക്കൽ വീട്ടിൽ അനിഷേകിനെയും സുഹൃത്തുക്കളായ ഹസൻ, ഹുസൈൻ, കിരൺ എന്നിവരെ സംഘം മർദിക്കുകയായിരുന്നു. സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും അനിഷേകിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
മാരകായുധങ്ങൾ കൊണ്ട് കുത്തിയും അടിച്ചും മർദിച്ചു. അനിഷേകിന്റെ സുഹൃത്തുക്കളെ അന്വേഷിച്ചിറങ്ങിയ സംഘം സമീപത്തുള്ള ഹുസൈന്റെയും ഹസന്റെയും വീട്ടിലെത്തി. അസഭ്യവർഷം നടത്തി വീടിന്റെ വാതിലും ജനലുകളും അടിച്ചുതകർക്കാൻ ശ്രമിക്കുകയും വീടിന് വെളിയിൽ സൂക്ഷിച്ചിരുന്ന മോട്ടോർ ബൈക്കുകൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെയും ചവറ ഇൻസ്പെക്ടർ യു.പി. വിപിൻ കുമാറിന്റെയും നിർദേശപ്രകാരം എസ്.ഐമാരായ അഖിൽ, നൗഫൽ, മദനൻ, ഗോപാലകൃഷ്ണൻ, എ.എസ്.ഐ അനിൽ, സി.പി.ഒമാരായ സബിത, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.