ചവറ: കൊല്ലത്തുനിന്ന് തെക്കുംഭാഗം വഴി തേവലക്കര-ശാസ്താംകോട്ട റോഡിലെ യാത്രാതടസ്സം ഒഴിവാക്കുന്നതിനായി നീണ്ടകര വേട്ടുതറ ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ബഹുജനങ്ങളുടെ ആവശ്യം ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. നാഷനൽ ഹൈവേ ആറുവരി പാതയാക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചുകഴിയുമ്പോൾ കൊല്ലത്തേക്കുള്ള ഏറ്റവും സുഗമമായ യാത്രാമാർഗം വേട്ടുതറയിൽ വെച്ച് ഭാഗികമായി കെട്ടിയടക്കപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാകുക.
പള്ളിക്കോടി-ദളവാപുരം പാലം പൂർത്തിയാകുന്നതുവരെ യാത്രാസൗകര്യത്തിന്റെ അഭാവത്താൽ പിന്നാക്കമായിരുന്ന ഈ പ്രദേശം ഗതാഗതപുരോഗതിയിലേക്ക് വരുന്നതേയുള്ളൂ. ഇതിനെയെല്ലാം അട്ടിമറിച്ചുകൊണ്ടുള്ള നിർമാണപ്രക്രിയയാണ് ഇപ്പോൾ നടന്നുവരുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ എന്നിവയുൾപ്പെടെ വേട്ടുതറ വഴി കരുനാഗപ്പള്ളിയിലേക്കുള്ള ഗതാഗതം പോലും വേട്ടുതറ ജങ്ഷനിൽ അണ്ടർ പാസേജ് നിർമിച്ചിെല്ലങ്കിൽ അവതാളത്തിലാകും. വേട്ടുതറയിലെ വളവ് നിവർത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. വേട്ടുതറയിൽ അണ്ടർ പാസേജ് വരാതിരുന്നാൽ ഉണ്ടാകുന്ന അപകടാവസ്ഥയിൽ ജനങ്ങൾ രോഷാകുലരാണ്.
ബന്ധപ്പെട്ട അധികാരികൾ കേന്ദ്ര സർക്കാറിൽ ശക്തമായ സമ്മർദം ചെലുത്തി വേട്ടുതറയിൽ അണ്ടർ പാസേജ് നിർമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സെന്റർ ഫോർ ആർട്സ് ആന്‍ഡ് കൾചറൽ ആക്ടിവിറ്റീസ് തെക്കുംഭാഗം (കാസ്കറ്റ്) അടിയന്തര പൊതുയോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി ആർ. ഷാജി ശർമ, പ്രസിഡന്റ് ബി.കെ. വിനോദ്, സെക്രട്ടറി കെ.എസ്. അനിൽ, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സി. ശശിധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.