ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ജില്ലയിൽ നടക്കുന്ന ശിശുദിനാഘോഷത്തിന് നേതൃത്വം നൽകുക പ്രസിഡന്റും പ്രധാനമന്ത്രിയും സ്പീക്കറുമാണ്. തീപ്പൊരി പ്രസംഗങ്ങളിലൂടെ കുട്ടികളുടെ പ്രതിനിധികളുടെ ആ സ്ഥാനങ്ങൾ ഇത്തവണ സ്വന്തമാക്കിയത് നദീം ഇഹ്സാൻ, എം. മഹേശ്വർ, എസ്. മിഥുൻ എന്നീ മൂന്നു മിടുക്കരാണ്. ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരങ്ങളിൽ യു.പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പ്രസിഡന്റ് നദീം ഇഹ്സാനും സ്പീക്കർ എസ്. മിഥുനും. എൽ.പി വിഭാഗം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് എം. മഹേശ്വർ പ്രധാനമന്ത്രിയായത്. മൂന്നു പേരുടെയും വിശേഷങ്ങൾ അറിയാം
വേദികൾ നിറഞ്ഞുനിൽക്കുന്ന താരമാണ് എസ്. മിഥുൻ. ജില്ല ശിശുക്ഷേമ സമിതി യു.പി പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനവുമായി കുട്ടികളുടെ സ്പീക്കർ പദവി തേടിയെത്തിയത് കഴിവുകൾക്കുള്ള അംഗീകാരവും. അയ്യൻകോയിക്കൽ ജി.എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർഥിയായ മിഥുൻ ചെറിയ ക്ലാസ് മുതൽ വേദികളെ ഇഷ്ടപ്പെട്ട് തുടങ്ങിയതാണ്. പ്രസംഗം, നാടകം, മോണോആക്ട് എല്ലാം പ്രിയപ്പെട്ട ഇഷ്ടങ്ങൾ.
ഇതിനിടയിൽ ശാസ്ത്രമേളകളിലും സ്ഥിരം സാന്നിധ്യമറിയിക്കുന്നു. റോഡിൽ വാഹനങ്ങൾ പോകുന്നതിലൂടെ കിട്ടുന്ന എനർജിയിൽ വൈദ്യുതി ഉണ്ടാക്കി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്ന പ്രോജക്ടുമായി ഇത്തവണ ഉപജില്ല ശാസ്ത്രമേള മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ വിധികർത്താവിൽ നിന്നുണ്ടായ മോശം പ്രതികരണത്തിൽ ഉണ്ടായ വിഷമവും മിഥുൻ പങ്കുെവച്ചു.
ഇനിയൊരിക്കലും പ്രോജക്ടുമായി ശാസ്ത്രമേളയിലേക്ക് ഇല്ല എന്ന് വിതുമ്പിയ കുഞ്ഞുമിടുക്കൻ സ്പീക്കർ ആയി ജില്ല വേദിയിൽ എത്തുമ്പോൾ ആത്മവിശ്വാസം തിരിച്ചുപിടിച്ചിട്ടുണ്ട്. തന്നെ അങ്ങനെ തളർത്താനാകില്ലെന്നും ഇനിയും പ്രോജക്ടുകൾ ഒരുക്കുമെന്നും മിഥുൻ പറയുന്നു. തേവലക്കര നടുവിലക്കര ‘കൈരളി’യിൽ ഓട്ടോ ഡ്രൈവറായ ശ്യാം എസ്. പിള്ള-ദിവ്യ ദമ്പതികളുടെ മകനാണ്. നാലാം ക്ലാസുകാരി മിഥുല സഹോദരിയാണ്.
അഭിനയിക്കാനും ഏറെ ഇഷ്ടമുള്ള കുട്ടിത്താരം ഇതിനകം സ്കൂളിലും മറ്റും വിവിധ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഐ.പി.എസ് ആണ് ലക്ഷ്യമെന്ന് പറയുന്ന മിടുക്കനോട്, അപ്പോൾ നടൻ ആേകണ്ടെ എന്ന് ചോദിച്ചാൽ അവസരം കിട്ടിയാൽ തീർച്ചയായും പോകും എന്നതാണ് മറുപടി.
കൊല്ലം: എതിരാളികൾ ഭയക്കുന്ന ലെഗ് സ്പിന്നർ ആയി പേരെടുത്ത് ഇന്ത്യൻ കുപ്പായമണിയാൻ സ്വപ്നം കാണുന്ന നദീം ഇഹ്സാൻ ഇത്തവണ ‘പ്രസിഡന്റ്’ കുപ്പായമണിയും. വിവിധ പ്രായക്കാരായ കുട്ടികളുടെ പ്രതിനിധിയായി ജില്ലയിൽ ശിശുദിനാഘോഷത്തിന് നേതൃത്വം നൽകുന്ന ‘പ്രസിഡന്റ്’ പട്ടത്തിലേറാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയായ നദീം.
യു.പി വിഭാഗം പ്രസംഗ മത്സരത്തിൽ ‘അമ്മ മലയാള’ത്തെക്കുറിച്ച് തകർപ്പൻ പ്രസംഗത്തിലൂടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ്. കുളത്തൂപ്പുഴ ഗവ. യു.പി.എസ് വിദ്യാർഥിയാണ് ഈ കൊച്ചുമിടുക്കൻ. 2020, 2022 വർഷങ്ങളിൽ എൽ.പി വിദ്യാർഥിയായിരിക്കെ ജില്ലയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായും നദീം ഇഹ്സാൻ മിടുക്ക് തെളിയിച്ചിരുന്നു.
2019ൽ സംസ്ഥാനതലത്തിൽ കുട്ടികളുടെ പ്രസിഡന്റ് ആയ സഹോദരൻ തമീമിന്റെ ചുവടുപിടിച്ചാണ് നേട്ടത്തിലേക്ക് എത്തിയത്. കുളത്തൂപ്പുഴ ചന്ദനക്കാവ് ദാറുസ്സലാമിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അമാനുല്ല ഖാന്റെയും അധ്യാപിക സലീനയുടെയും മകനാണ്.
ആരോഗ്യ വകുപ്പ് ജീവനക്കാരിയായിരുന്ന പിതൃമാതാവ് സുബൈദ ബീവിയാണ് നേട്ടങ്ങളുടെ വഴിയിൽ മിടുക്കന് പ്രചോദനമായത്. സ്കൂളിൽ പ്രസംഗ മത്സരവേദിയിലെ സ്ഥിരംസാന്നിധ്യമാണ് നദീം. ഇത്തവണ ഉപജില്ല കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി ജില്ല തല മത്സരത്തിനൊരുങ്ങുന്നതിനിടയിലാണ് ‘പ്രസിഡന്റ്’ പദവി തേടിയെത്തിയത്.
പ്രസംഗവും കവിതാപാരായണവും വായനയുമെല്ലാം ഇഷ്ടപ്പെടുന്ന നദീമിന്റെ സ്വപ്നം നിറയെ ക്രിക്കറ്റാണ്. ക്രീസിൽ മിന്നുന്ന ലെഗ് സ്പിന്നർ ആണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ അഞ്ചലിൽ നടത്തുന്ന കോച്ചിങ് കേന്ദ്രത്തിലാണ് പ്രധാന പരിശീലനം. കെൻസ് അഞ്ചൽ ക്ലബിന്റെ അണ്ടർ 14 താരമായി വിവിധ ടൂർണമെന്റുകളിലും പങ്കെടുക്കുന്നു.
‘അമ്മേ എനിക്കും പ്രധാനമന്ത്രിയായി വേദിയിൽ ഇരിക്കണം’ - തൊട്ടരികിൽ നേട്ടം കൈവിട്ട് പോയ സങ്കടത്തിൽ ഒന്നാം ക്ലാസുകാരൻ എം. മഹേശ്വർ രണ്ട് വർഷങ്ങൾക്ക് മുമ്പ് അമ്മ വിനീതയോട് പറഞ്ഞതാണ്. ജില്ല ശിശുക്ഷേമസമിതിയുടെ എൽ.പി പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി മടങ്ങേണ്ടിവന്നതിനാൽ കുട്ടികളുടെ പ്രധാനമന്ത്രിപട്ടം കൈവിട്ടുപോയതായിരുന്നു സങ്കടത്തിന് കാരണം.
അവിടെെവച്ച് പോരാട്ടം അവസാനിപ്പിക്കാൻ കുഞ്ഞു മഹേശ്വർ തയാറായില്ല. വീണ്ടും ശ്രമിച്ചു 2022ൽ, ജയിച്ചില്ല രണ്ടാമതായി. അന്ന് സ്വാഗതം പറയാൻ ശിശുദിനാഘോഷ വേദിയിൽ കയറിയെങ്കിലും കുഞ്ഞുമനസ്സിലെ സ്വപ്നകനൽ അണഞ്ഞില്ല.
തീവ്രമായി ആഗ്രഹിക്കുന്നതിനുവേണ്ടി ആത്മാർഥമായി പരിശ്രമിച്ചാൽ നടക്കുമെന്ന് തെളിയിച്ച് തന്റെ മൂന്നാം ശ്രമത്തിലാണ് ഇത്തവണ അഞ്ചാലുംമൂട് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായ മഹേശ്വർ വിജയം നേടി പ്രധാനമന്ത്രി ആയത്. ‘നവഭാരത ശിൽപി’ വിഷയത്തിലെ പ്രസംഗമാണ് ഇത്തവണ പദവിയിലേക്ക് എത്തിച്ചത്.
കാഞ്ഞാവെളി താവൂട്ട് കിഴക്കതിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ മനോജ്-വിനീത ദമ്പതികളുടെ മകനാണ്. ഏഴാം ക്ലാസ് വിദ്യാർഥി മഞ്ജീവ് ആണ് സഹോദരൻ. യു.കെ.ജി വിദ്യാർഥിയായിരിക്കെ ഓൺലൈൻ വഴി സ്കൂളിലെ ആഘോഷത്തിന് പരിസ്ഥിതി ദിന സന്ദേശം നൽകിയാണ് പ്രസംഗരംഗത്തേക്ക് ചുവടുവെച്ചത്.
അമ്മയാണ് പ്രസംഗം തയാറാക്കി പഠിക്കാൻ സഹായിക്കുന്നത്. കവിതാപാരായണം, കഥപറച്ചിൽ എന്നിങ്ങനെ വേദിനിറഞ്ഞുനിൽക്കുന്ന ഓൾറൗണ്ടർ കൂടിയായ മഹേശ്വറിന് പിന്തുണയുമായി അധ്യാപകരുമുണ്ട്. മൂന്നാം ശ്രമത്തിൽ സ്വപ്നം നേടാനായതിന്റെ സന്തോഷം പങ്കുെവക്കുന്ന മഹേശ്വറിനോട് ഭാവിയിൽ ആരാകണമെന്ന് ചോദിച്ചാൽ ഉറച്ചശബ്ദത്തിൽ ഉത്തരം റെഡിയാണ്, പ്രധാനമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.