കൊല്ലം: കലക്ടറേറ്റ് സ്ഫോടനകേസ് പ്രതികൾക്കെതിരെ യു.എ.പി.എ നിയമത്തിന്റെ വകുപ്പ് ചുമത്താൻ സാധ്യത. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ ജോർജ് കോശിയെ വിസ്തരിച്ചു. യു.എ.പി.എ അപേക്ഷ സമർപ്പിക്കുന്നതിൽ സമയപരിധി പാലിച്ചിരിക്കണമെന്ന നിബന്ധന പാലിച്ചുതന്നെയാണ് നടപടി പൂർത്തിയാക്കിയതെന്ന് അദ്ദേഹം കോടതിയിൽ മൊഴി നൽകി. ഓണഅവധി ഉൾപ്പെടെ അവധികൾ ഇടക്ക് വന്നതാണ് സമയപരിധി സംബന്ധിച്ച് സംശയം വന്നതെന്നും പറഞ്ഞു. ഈസാഹചര്യത്തിലാണ് പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താൻ സാധ്യത തെളിയുന്നത്.
കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കും. പ്രതികളായ നിരോധിത സംഘടന ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര സ്വദേശികൾ അബ്ബാസ് അലി, ഷാംസൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരെ ഹാജരാക്കണമെന്നും അന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ നിർദേശിച്ചു.
യു.എ.പി.എ ചുമത്താനുള്ള അപേക്ഷ സമർപ്പിക്കുന്നതിലും അനുമതി നൽകുന്നതിലും നിശ്ചിത സമയപരിധി പാലിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ. സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.