കൊല്ലം: ദീർഘകാലം പൊലീസിൽ സേവനമനുഷ്ഠിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടി എ.എസ്.ഐയായി വിരമിക്കുകയും ചെയ്തയാളെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റും ചേർന്ന് കള്ളക്കേസിൽ കുടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്ത സംഭവം നീണ്ട വിചാരണക്കൊടുവിൽ പ്രതി നിരപരാധിയെന്ന് കണ്ട് കോടതി കുറ്റ മുക്തനാക്കി.
കൊല്ലം പുത്തൂർ ഐവർകാല ഈസ്റ്റ് ഷണ്മുഖവിലാസം വീട്ടിൽ സതീഷ് ബാബുവിനെയും കൂട്ടു പ്രതികളെയുമാണ് തെളിവിന്റെ അഭാവത്തിൽ കൊല്ലം കോടതി വിട്ടയച്ചത്. പ്രതികൾക്കുവേണ്ടി കേസ് വാദിച്ചത് പി.എ. പ്രിജിയാണ്. അവിചാരിതമായി ബന്ധുവീട് സന്ദർശിക്കാനെത്തിയ സതീഷ്ബാബുവിനെതിരെ ബന്ധുക്കളോടൊപ്പം പ്രതിസ്ഥാനത്താക്കി വഞ്ചന, ഭീഷണിപ്പെടുത്തൽ, അതിക്രമം, മർദനം, നാശനഷ്ടം വരുത്തുക തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
ദീർഘകാലം പൊലീസിൽ സേവനനുഷ്ഠിച്ച വ്യക്തിയാണെന്നുള്ള പരിഗണനപോലും നൽകാതെ, സഹപ്രവർത്തകർ സർവിസിലായിരുന്നപ്പോഴുള്ള വ്യക്തി വൈരാഗ്യം മൂലം കൊടും പീഡനമാണ് അഴിച്ചുവിട്ടതെന്നും അത് തന്റെ ജീവിതത്തെ സാരമായി ബാധിച്ചെന്നും ഇതിന്റെ മനോവേദനയിൽ ഭാര്യയും മാതാവും അകാലത്തിൽ മരിച്ചെന്നും സതീഷ്ബാബു ആരോപിച്ചു. ജയിലിലായിരിക്കെ, താൻ മുമ്പ് അറസ്റ്റുചെയ്ത പ്രതികളിൽനിന്ന് മർദനമേൽക്കേണ്ടിവന്നെന്നും സതീഷ്ബാബു വെളിപ്പെടുത്തി.
ശാസ്താംകോട്ട പൊലീസ് ലോക്കപ്പിലും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ലോക്കപ്പിലും അർധ നഗ്നനാക്കി നിർത്തി മർദിച്ചെന്നും സതീഷ്ബാബു പറഞ്ഞു.
കോടതി കുറ്റമുക്തനാക്കിയ സതീഷ്ബാബു തന്നെ കള്ളക്കേസിൽ കുടുക്കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും മറ്റും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.