പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിലെ അശാസ്ത്രീയമായ ട്രാഫിക്കും അപകടാവസ്ഥയും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ദേശീയപാതയും മലയോര ഹൈവേയും മൂന്നു ലിങ്ക് റോഡുകളും സന്ധിക്കുന്ന ഇവിടെ വാഹനാപകടവും കാൽനടക്കാർ അപകടത്തിലാകുന്നതും നിത്യസംഭവമാണ്. കാൽനടക്കാരെയും ഡ്രൈവർമാരെയും ആശയകുഴപ്പത്തിലാക്കുന്ന നിലയിലാണ് ട്രാഫിക് സംവിധാനം.
ഇതോടൊപ്പം മലയോര ഹൈവേയിലെ അപകടകരമായ വളവോടുകൂടിയ കുത്തിറക്കവും കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകളുടെ പ്രവേശന- ഇറക്ക കവാടവും കാരണം എപ്പോഴും തിരക്കാണ്. വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പോക്കിനിടയിലൂടെയാണ് ഈ റോഡുകളുടെ പലഭാഗത്തും തലങ്ങുംവിലങ്ങും ആളുകൾ റോഡ് മുറിച്ചു കടക്കുന്നത്. ഇവിടെ ഡിപ്പോയുടെ ഭാഗത്ത് മാത്രമാണ് തിരക്കുള്ള സയമങ്ങളിൽ ഹോംഗാർഡിന്റെ സേവനമുള്ളത്. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സീബ്ര ലൈനുകൾ മാഞ്ഞതോടെ ഡ്രൈവർമാരും കാൽ നടക്കാരും ആശയകുഴപ്പത്തിലാകും. ജങ്ഷനിലെ റൗണ്ട് ഭാഗത്ത് ഒരു സംവിധാനവുമില്ല. മുമ്പ് ടാർ വീപ്പയും മുളക്കമ്പുകളും നാട്ടിനിർത്തി സുരക്ഷിതമാക്കിയിരുന്നതും ഇല്ലാതായി. സന്ധ്യയായി കഴിഞ്ഞാൽ മതിയായ വെളിച്ചമില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.
ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും ഒരെണ്ണമേ പ്രകാശിക്കുന്നുള്ളൂ. ഇവിടുത്തെ ട്രാഫിക് പ്രശ്നവും അപകടവും പരിഹരിക്കാൻ എം.എൽ.എയുടെ സാന്നിധ്യത്തിലടക്കം ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ മുമ്പ് നിരവധി ആലോചന യോഗങ്ങളും മാസ്റ്റർ പ്ലാൻ തയാറക്കലും നടന്നെങ്കിലും പ്രാവർത്തികമായില്ല. ഈ സീസണിൽ തിരക്ക് കൂടുതന്നതിനാൽ അടിയന്തരമായി ട്രാഫിക് സിഗ്നലുകളും ആവശ്യത്തിനുള്ള ഹോഗാർഡുകളെയും നിയമിച്ച് ഗതാതത നിയന്ത്രണം വരുത്തിയില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.