കഠിനംകുളം: പെരുമാതുറയിൽ പതിനേഴുകാരന്റെ മരണം സംബന്ധിച്ച അന്വേഷണം വഴിമുട്ടി. നിലവിൽ അന്വേഷണ നടപടികൾ നിലച്ച മട്ടാണ്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന വന്നതിനുശേഷം മാത്രമേ കൂടുതൽ അന്വേഷണം നടത്താനാവൂവെന്ന നിലപാടിലാണത്രെ കഠിനംകുളം പൊലീസ്. മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നാലുപേരെ ചോദ്യംചെയ്തിരുന്നു.
അതിൽ ഫൈസൽ എന്ന സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും രണ്ടുദിവസം കഴിഞ്ഞ് വിട്ടയക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് 17 കാരന്‍റെ മരണകാരണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. അമിത ലഹരി ഉപയോഗം മൂലം രക്തക്കുഴൽ പൊട്ടിയതാകാം രക്തസ്രാവത്തിന് കാരണമായതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്നാണ് മകൻ മരിച്ചതെന്നാണ് മാതാവ് പൊലീസിന് നൽകിയ പരാതി. എന്നാൽ പ്രതികളെ ഇതുവരെയും കണ്ടെത്താൻ കഠിനംകുളം െപാലീസിന് കഴിഞ്ഞിട്ടില്ല. മരിച്ച യുവാവ് നേരേത്തയും പലതവണ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ നേരത്തേ കസ്റ്റഡിയിലെടുത്തവരിൽ പലരെയും പ്രാദേശിക രാഷ്ട്രീയ ഇടപെടൽ മൂലം വിട്ടയച്ചുവെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രദേശത്ത് െപാലീസും എക്സൈസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇത് പ്രദേശവാസികളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായിരുന്നു.
കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ചിലർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് നേരേത്ത രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതാണ്. പലപ്പോഴും ലഹരിയും മാഫിയസംഘത്തെയുംപറ്റി സ്റ്റേഷനിൽ വിവരം ലഭിച്ചാൽ പൊലീസ് എത്തുന്നതിനുമുമ്പ് അവർ രക്ഷപ്പെടുന്നത് പതിവാണ്. ഇത് ലഹരി മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തുന്നതുകൊണ്ടാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ 20ന് വൈകീട്ട് ആറോടെയാണ് പതിനേഴുകാരനെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്. രാത്രി ഏഴോടെ അവശനിലയിൽ തിരികെ വീട്ടിനടുത്ത് ഉപേക്ഷിച്ചുകടന്നു. തുടർന്ന് ഛർദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ വീട്ടുകാർ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ലഹരി ഉപയോഗിച്ചതായി ഡോക്ടറോടും പറഞ്ഞിരുന്നു. ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ, രണ്ടുമണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 21ന് പുലർച്ചയോടെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.