കൊല്ലം: തൊഴിലില്ലാത്ത കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗമെന്ന നിലയിൽ ബസ് സർവീസ് തുടങ്ങാൻ ജില്ല പഞ്ചായത്തിൽ ആലോചന. പദ്ധതി സംബന്ധിച്ച് വർക്കിങ് ഗ്രൂപ്പുകളിൽ അനുകൂല ചർച്ചയാണ് നടക്കുന്നത്. പുതിയ പദ്ധതിയെന്ന നിലയിൽ വരുന്ന ജില്ല പഞ്ചായത്ത് ബജറ്റിൽ ഉൾക്കൊള്ളിക്കാനാണ് സാധ്യത.
ആദ്യഘട്ടത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തിൽ ഒരു ബസ് സർവിസ് വീതം ആരംഭിക്കുന്ന വിധമായിരിക്കും പദ്ധതി. ബസിന്റെ ഡ്രൈവറും ക്ലീനറും കണ്ടക്ടറുമെല്ലാം കുടുംബശ്രീ അംഗങ്ങളായിരിക്കും. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിനി ബസുകൾ വാങ്ങി നൽകും വിധത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
പദ്ധതിക്കായി മൂന്നു കോടി രൂപയെങ്കിലും നീക്കിവെക്കാനാണ് ആലോചന. ടിക്കറ്റ് വരുമാനത്തിലൂടെ ലഭിക്കുന്ന തുകയിൽനിന്ന് ശമ്പളവും ഇന്ധന ചെലവും വഹിക്കും. കടുത്ത യാത്രാ ക്ലേശമുള്ള റൂട്ടുകളിലായിരിക്കും സർവിസ് നടത്തുക. റൂട്ട് പെർമിറ്റ് ലഭിക്കാൻ സർക്കാറിൽനിന്ന് പ്രത്യേക അനുമതി വാങ്ങും. ഉല്ലാസ യാത്രകൾക്കായി ഓരോ ബ്ലോക്കിലും ഓരോ ടെമ്പോ ട്രാവലർ വാങ്ങി നൽകാനും ആലോചനയുണ്ട്.
ബസിന്റെ ചുമതലക്കാർ സ്വന്തം നിലയിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് ഉല്ലാസ യാത്രകൾ ആസൂത്രണം ചെയ്ത് സർവിസ് നടത്തും. സ്ത്രീകൾക്ക് സ്വയം തൊഴിൽ എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങൾ ഓട്ടോകൾ വാങ്ങിനൽകുന്നുണ്ടെങ്കിലും ബസ് സർവിസിനുള്ള ആലോചന ആദ്യമാണ്. അതിനാൽ സർക്കാറിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാകും പദ്ധതി നടപ്പാക്കുക.
ദാരിദ്ര്യ ലഘൂകരണ പദ്ധതി ആയതിനാൽ സർക്കാർ അനുമതി നൽകുന്നതിനൊപ്പം മറ്റ് തദ്ദേശ സ്ഥാപനങ്ങൾ മാതൃകയാക്കാൻ നിർദേശിക്കാനും സാധ്യതയുണ്ട്. ബസ് സർവിസ് തുടങ്ങുന്നതടക്കം പുതിയ പദ്ധതികൾ വരുന്ന ബജറ്റിൽ ഉൾപ്പെടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.