കൊല്ലം: തമിഴ്നാട്ടിലെ വിരുദനഗർ-തെങ്കാശി- ചെങ്കോട്ട സെക്ഷനുകളിൽ ഇലക്ട്രിക് ട്രെയിനുകൾ ഇന്നുമുതൽ സർവിസ് തുടങ്ങും. ചെന്നൈ എഗ്മോർ - ചെങ്കോട്ട എക്സ്പ്രസാണ് ആദ്യ സർവിസ് നടത്തുക.
ഈ ട്രെയിൻ തിരികെ നവംബർ ഒന്നുമുതൽ ഓടിത്തുടങ്ങും. ചെന്നൈ എഗ്മോർ - ചെങ്കോട്ട ശിലമ്പ് എക്സ്പ്രസാണ് വൈദ്യുതി ലൈനിലെ രണ്ടാം ട്രെയിൻ. ഇത് നവംബർ ഒന്നിന് ആരംഭിക്കും. തിരികെയുള്ള സർവിസ് മൂന്നിന് തുടങ്ങും.
മയിലാടുംതുറ-ചെങ്കോട്ട എക്സ്പ്രസാണ് മൂന്നാമത്തെ സർവിസ്. ഇത് നവംബർ ഒന്നിന് സർവിസ് ആരംഭിക്കും. തിരിച്ചുള്ള സർവിസ് നവംബർ രണ്ടിന് തുടങ്ങും. ഈ മൂന്ന് ട്രെയിനുകളും വൈദ്യുതി ലൈനിൽ ഓടിത്തുടങ്ങുമ്പോൾ അതിന്റെ കൂടുതൽ പ്രയോജനം ലഭിക്കുന്നത് കേരളത്തിനാണ്. ഈ ട്രെയിനുകളുടെ അവസാന സ്റ്റോപ്പായ ചെങ്കോട്ട തമിഴ്നാട് - കേരള അതിർത്തിയിലാണ്. അതിനാൽ ചെങ്കോട്ടയിൽ എത്തുന്നവർക്ക് ട്രെയിനിൽതന്നെ പുനലൂരിലും കൊല്ലത്തും എത്താം. തമിഴ്നാട്ടിൽ വ്യാപാര ആവശ്യങ്ങൾക്ക് പോയി വരുന്ന നൂറുകണക്കിന് മലയാളികൾക്ക് ഇത് ഗുണം ചെയ്യും.
വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും റെയിൽവേ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹൈ വോൾട്ടേജ് ലൈൻ ആയതിനാൽ രണ്ട് മീറ്റർ അകലെപോലും ഷോക്കടിക്കാനുള്ള സാധ്യതയുണ്ട് എന്നതാണ് പ്രധാന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.