ഇരവിപുരം: പോളയത്തോട് റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഒരുകോടി എട്ടുലക്ഷം രൂപകൂടി സർക്കാർ അധികമായി അനുവദിച്ചതായി എം.നൗഷാദ്.എം.എൽ.എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് 7.5 കോടി രൂപയാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്ന എം.എൽ.എയുടെ അഭ്യർഥന പരിഗണിച്ച് 2023 ഒക്ടോബർ 10ന് ധനമന്ത്രി 4.83 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 1,08,25000 രൂപ കെ.എൻ.ബാലഗോപാൽ അനുവദിച്ചത്. ഇതോടെ പോളയത്തോട് റെയിൽവേ മേൽപ്പാലനിർമ്മാണത്തിന് ആകെ അനുവദിച്ച തുക 31.41 കോടിയായി. പാലവും അപ്രോച്ച് റോഡും നിർമ്മിയ്ക്കാൻ 18.11 കോടിയും സ്ഥലം ഏറ്റെടുക്കാൻ 13.41 കോടിയും. പോളയത്തോട് 545- ആം നമ്പർ റെയിൽവേ ലെവൽ ക്രോസ്സിലാണ് മേൽപ്പാലം നിർമ്മിയ്ക്കുന്നത്. ഒമ്പത് സ്പാനുകളിലായി ഉയരുന്ന പാലത്തിന്റെ ആകെ നീളം 348 മീറ്ററും വീതി 12 മീറ്ററുമായിരിയ്ക്കും.
കെ റെയിൽ കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം (ഇലവൻ ഒൺ (11-1) വിജ്ഞാപനം) 2022 ആഗസ്ത് 16 ന് പുറപ്പെടുവിച്ചിരുന്നു. 2019-2020 ലെ ബജറ്റിലാണ് പോളയത്തോട്ടിൽ റെയിൽവേ മേൽപ്പാലം (ആർ.ഒ.ബി) നിർമ്മിയ്ക്കാൻ സംസ്ഥാന സർക്കാർ തുക വകയിരുത്തിയത്. 2021 ജനുവരി 13 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾക്ക് 2023 ജൂലൈയിൽ ഭരണാനുമതി പുതുക്കി 18.11 കോടി രൂപ അനുവദിച്ചിരുന്നു.
67 വസ്തു ഉടമകളിൽനിന്നായി 74.98 സെന്റ് സ്ഥലം പദ്ധതിയ്ക്കായി ഏറ്റെടുക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കമ്പോളവിലയും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയായിരിയ്ക്കും വസ്തു ഏറ്റെടുക്കുക. ഇരവിപുരം മണ്ഡലത്തിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിയ്ക്കുന്ന ആറാമത്തെ റെയിൽവേ മേൽപ്പാലനിർമ്മാണ പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.