ഇരവിപുരം: കൊല്ലത്തുനിന്ന് പരവൂർ-വർക്കല എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്കില്ലാതെയെത്താൻ കഴിയുന്ന കൊല്ലം-പരവൂർ തീരദേശ റോഡ് തകർന്ന് യാത്ര ദുഷ്കരം. റോഡ് തകർന്നിട്ട് നാളുകളേറെയായെങ്കിലും പുനർനിർമാണത്തിന് നടപടിയില്ല.
മുണ്ടയ്ക്കൽ പാപനാശം മുതൽ ഇരവിപുരം വരെയാണ് യാത്ര ദുഷ്കരം. റോഡ് കടലെടുത്ത സ്ഥലങ്ങളിലൊന്നും കടൽഭിത്തിയുമില്ല. അഞ്ച് സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റോഡിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്.
അടുത്തിടെ തിരുവനന്തപുരത്തുനിന്ന് തീരദേശം വഴി കരുനാഗപ്പള്ളിയിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് റോഡ് തകർച്ചകാരണം നിർത്തലാക്കി. ഏതാനും വർഷം മുമ്പുണ്ടായ കടലാക്രമണത്തിലാണ് വേളാങ്കണ്ണി കുരിശടി, ഗാർഫിൽ നഗർ എന്നിവിടങ്ങളിൽ റോഡ് തകർന്നത്. റോഡ് തകർന്നതോടെ വർക്കലയിലേക്കുള്ള ടൂറിസ്റ്റുകളും ഇതുവഴി വരാതെയായി.
നിലവിൽ കൊല്ലത്തുനിന്ന് പരവൂരിലേക്ക് പോകാൻ ചാത്തന്നൂർ തിരുമുക്കിലെത്തി തിരിഞ്ഞുപോകേണ്ട സ്ഥിതിയാണ്. തീരദേശ റോഡ് വഴി 20 മിനിറ്റുകൊണ്ട് പരവൂരിലെത്താൻ കഴിയുമായിരുന്നു.
റോഡിന്റെ വശങ്ങൾ തകർന്നതിനാലും കടൽഭിത്തി പല സ്ഥലത്തും ഇല്ലാത്തതിനാലും ജീവൻ പണയംവെച്ച് വേണം ഇതുവഴി യാത്രചെയ്യാൻ.
ഇരവിപുരം, ചാത്തന്നൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് പുനർനിർമിക്കാൻ എം.എൽ.എമാർ മുൻകൈയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.