ഇരവിപുരം: അവഗണനയുടെ ട്രാക്കിൽനിന്ന് ഇരവിപുരം റെയിൽവേ സ്റ്റേഷന് ഇനിയും മോചനമില്ല. മെമുവിനല്ലാതെ ഒരു പുതിയ ട്രെയിനിനുപോലും ഇവിടെ സ്റ്റോപ് അനുവദിച്ചിട്ടില്ല.
കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാത ആരംഭകാലത്തുള്ളതാണ് സ്റ്റേഷൻ. കരാറുകാരാണ് അന്നും ഇന്നും ടിക്കറ്റ് വിതരണം നടത്തുന്നത്. നാട്ടുകാർക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന വൈകീട്ട് ആറിനുശേഷം തിരുവനന്തപുരം വഴി മധുരക്കുള്ള ട്രെയിൻ ഇവിടെ നിർത്താതായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു.
കോവിഡ് കാലത്ത് നിർത്തലാക്കിയ ഈ ട്രെയിനിന്റെ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്ന നാളുകൾ ഏറെയായ മുറവിളി ജനപ്രതിനിധികളും കേട്ട മട്ടില്ല. സ്റ്റേഷനും പരിസരവും രാത്രി സാമൂഹിക വിരുദ്ധരുടെ താവളമാണ്. പ്ലാറ്റ്ഫോമുകളിലെ ലൈറ്റുകൾ പലതും പ്രകാശിക്കാറില്ല.
റെയിൽവേ പൊലീസോ ആർ.പി.എഫോ ഇവിടേക്ക് തിരിഞ്ഞുനോക്കാറുമില്ല. ഇരവിപുരത്തെ ഒരു ഹാൾട്ട് സ്റ്റേഷനാക്കാമെന്ന ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. മധുര ട്രെയിനിന്റെ സ്റ്റോപ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിക്കണമെന്നുമുള്ള ആവശ്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.