ഇരവിപുരം: പരീക്ഷയെഴുതാൻ കോളജിലേക്ക് പോകുന്നതിന് ബസ് കാത്തുനിന്ന നിയമ വിദ്യാർഥിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗും പണവും അപഹരിച്ച ശേഷം ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപിച്ച് ആളൊഴിഞ്ഞ വയലിൽ തള്ളിയ സംഭവത്തിൽ രണ്ടുപേരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ഉളിയകോവിൽ കണ്ണമത്ത് വീട്ടിൽ നിന്നും തൃക്കരുവ കാഞ്ഞിരംകുഴി ഞാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ശ്യാം (25), തഴുത്തല പേരയം പുതുച്ചിറ നഴ്സിങ് കോളജിന് സമീപം തോട്ടത്തിൽ പുത്തൻവീട്ടിൽ വാളി സജി എന്നു വിളിക്കുന്ന സജികുമാർ (36) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മൂന്നിന് രാത്രി പന്ത്രണ്ടരയോടെ അയത്തിലായിരുന്നു സംഭവം. തൊടുപുഴയിൽ എൽഎൽ.ബിക്ക് പഠിക്കുന്ന അയത്തിൽ നഗർ ആറ് കിഴക്കേ മണ്ണറ വീട്ടിൽ അമീൻ (21) പരീക്ഷ എഴുതുന്നതിന് രാത്രിയുള്ള ട്രെയിനിൽ കോളജിലേക്ക് പോകുന്നതിന് വാഹനം കാത്തുനിൽക്കുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ റെയിൽവേ സ്റ്റേഷനിൽ ആക്കാമെന്നുപറഞ്ഞ് ബൈക്കിൽ കയറ്റി.
റെയിൽവേ സ്റ്റേഷനിൽ ഇറക്കാതെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗും പഴ്സും പണവും തട്ടിയെടുത്തശേഷം ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപിച്ചു.
പുന്തലത്താഴത്തിനും ഡീസൻറ് മുക്കിനും ഇടയിൽ ആളൊഴിഞ്ഞ സ്ഥലത്തെ വയലിൽ ഉപേക്ഷിച്ച് കടന്നു. സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നി
ർദേശപ്രകാരം പ്രതികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തി. ഡീസൻറുമുക്ക് മുതൽ കൊല്ലം വരെയുള്ള നൂറോളം നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു.
രാത്രിയിൽ കൊല്ലം-കണ്ണനല്ലൂർ റോഡിലൂടെ പോയ ബൈക്കുകളുടെ നമ്പറുകളും, സൈബർ സെൽ സഹായത്തോടെ മൊബൈൽ ടവറുകളിൽ നിന്നുള്ള നമ്പറുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ശ്യാമിെൻറ പേരിൽ അഞ്ചാലുംമൂട്, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. കൂടുതൽ ചോദ്യംചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ ദീപു, ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐമാരായ ജയകുമാർ, ഷാജി, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ മനോജ്, വിനു വിജയ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.