ഇരവിപുരം: ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ പുനരധിവാസവും പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട ജോലികൾ ഇഴഞ്ഞുനീങ്ങുന്നു. യുദ്ധകാലടിസ്ഥാനത്തിൽ സ്ഥലമെടുപ്പ് ജോലികൾ പൂർത്തിയാക്കുന്നതിനായി കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന പരിചയസമ്പന്നരായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ജില്ലയിൽ മാത്രം അവസാനിപ്പിച്ചത് വിഷയത്തെ കൂടുതൽ സങ്കീർണമാക്കി. ഏറ്റെടുത്ത ഭൂമിയിൽ വാടക കരാറടിസ്ഥാനത്തിൽ കച്ചവടസ്ഥാപനങ്ങൾ നടത്തിവന്നിരുന്നവർക്കുള്ള നഷ്ടപരിഹാര അപേക്ഷകളിൽ ഇനിയും തീരുമാനമായിട്ടില്ല. ലഭിച്ച അപേക്ഷകളിൽ 50 ശതമാനത്തിൽ താഴെ മാത്രമാണ് നടപടികൾ നടന്നുവരുന്നത്.
സ്വന്തം ഭൂമിയിൽ കച്ചവടസ്ഥാപനങ്ങൾ നടത്തിവന്നിരുന്നവർ, ഭൂവുടമയിൽനിന്ന് കരാറടിസ്ഥാനത്തിൽ സ്ഥാപനം നടത്തിവരുന്ന കുടുംബാംഗങ്ങൾ, കരാർ പകർപ്പുകൾ ഉണ്ടെങ്കിലും ലൈസൻസ് ലഭിച്ചിട്ടില്ലാത്തവർ, കോവിഡ് മഹാമാരിമൂലം കരാർ/ലൈസൻസ് പുതുക്കാൻ കഴിയാതെ പോയവർ, വലിയ കച്ചവടസ്ഥാപനങ്ങൾ നടത്തിയിരുന്നവർ, ചെറുകിട സ്ഥാപനങ്ങൾ നടത്തിയിരുന്നവർ, പെട്ടിക്കടകൾ നടത്തിവന്നിരുന്നവർ, പുറമ്പോക്ക് ഭൂമിയിൽ പെട്ടിക്കട നടത്തിവന്നവർ, പ്രസ്തുത സ്ഥാപനങ്ങളിൽ വർഷങ്ങളായി പണിയെടുത്തിരുന്ന തൊഴിലാളികൾ, പൂർണമായും വീട് നഷ്ടപ്പെടുന്നവർ, ഭാഗികമായി വീട് നഷ്ടപ്പെടുന്നവർ, തൊഴുത്ത് നഷ്ടപ്പെടുന്നവർ, വാടകക്ക് താമസിക്കുന്നവർ, ഏറ്റെടുത്ത കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗത്ത് കച്ചവടം തുടരുന്നവർ തുടങ്ങി വിവിധങ്ങളായ വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള യാതൊരു നടപടികളും ഇനിയും ആരംഭിച്ചിട്ടില്ല.
മാത്രമല്ല ഇതുസംബന്ധിച്ച് ഒരു മാർഗനിർദേശവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുമില്ല. ഭൂമിയുടെ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞതോടെ ഏറ്റെടുത്ത ഭൂമിയിലുള്ള വീടുകളും കടകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ബന്ധപ്പെട്ട അധികൃതർ യുദ്ധകാലാടിസ്ഥാനത്തിലാണ് പൊളിച്ചുനീക്കുന്നത്.
ഇതുകാരണം പുനരധിവാസവുമായി ബന്ധപ്പെട്ട് അർഹരായവർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ സമയമാകുമ്പോൾ ഏറ്റെടുത്ത ഭൂമിയിൽ ഒരു വീടോ കടയോ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും അവശേഷിക്കില്ല എന്ന അവസ്ഥയാണ്.
ഇക്കാരണത്താൽ സ്ഥലം മാറി വന്ന പുതിയ ഉദ്യോഗസ്ഥർക്ക് അപേക്ഷകളിന്മേൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടും നേരിടുന്നുണ്ട്. വിവിധ കാരണങ്ങളാൽ മാറ്റിവെക്കപ്പെട്ട നഷ്ടപരിഹാരത്തുക അനുവദിച്ചുകൊണ്ടുള്ള അവാർഡുകൾ പാസാക്കൽ, സ്ഥലമെടുപ്പ് മൂലം കഷ്ടനഷ്ടങ്ങൾക്ക് ഇരയായവർക്കുള്ള പുനരധിവാസവും പുനഃസ്ഥാപനവും സംബന്ധിച്ച സങ്കീർണമായ വളരെയധികം ജോലികൾ, കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള ആർബിട്രേഷൻ അപേക്ഷകൾ തുടങ്ങിയ പ്രധാനപ്പെട്ട ജോലികൾ ഇനിയും അവശേഷിക്കെ കരാർ ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചത് സർക്കാറിനെതിരെ ജനവികാരം തിരിച്ചുവിടുന്നതിനുള്ള നടപടിയാണെന്ന ആക്ഷേപവും പ്രബലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.