ഇരവിപുരം: വെളിച്ചത്തുണ്ടുകൾ അലങ്കരിച്ച കടൽപരപ്പിന് രാത്രിയിൽ സൗന്ദര്യമുണ്ടെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കണ്ണീരാണ്. ഇരവിപുരം മേഖലയിലാണ് കടൽ നിറയെ വിളക്കുകളുടെ കാഴ്ചയുള്ളത്.
നിരോധിത മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വിളക്കുകളാണ് കടലിൽ നിരനിരയായി തെളിഞ്ഞ് കാണുന്നത്. പ്രകാശം ഉപയോഗിച്ചുള്ള മത്സ്യബന്ധനം സജീവമായിട്ടും അധികൃതർ ഇത് കണ്ട മട്ടേയില്ല. നിരോധിത മത്സ്യബന്ധനം തടയുന്നതിനായി കടലിൽ പട്രോളിങ് നടത്തുന്ന കോസ്റ്റൽ പൊലീസും ഇത് തടയാൻ തയാറാകുന്നില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
രാത്രിയിൽ പ്രകാശം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനാൽ പുലർച്ച ഫൈബർ കട്ടമരങ്ങളിൽ കടലിൽ പോകുന്നവർക്ക് മത്സ്യം ലഭിക്കാത്ത അവസ്ഥയുമുണ്ട്. അഞ്ചുതെങ്ങ്, കടയ്ക്കാവൂർ ഭാഗങ്ങളിൽനിന്ന് രാത്രിയിൽ വള്ളങ്ങളിലെത്തുന്നവരാണ് വിളക്ക് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതെന്നാണ് പ്രാദേശിക മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.
വള്ളങ്ങൾ അടുപ്പിച്ചിട്ടശേഷം വളരെ കൂടുതൽ പ്രകാശമുള്ള വിളക്കുകൾ വെള്ളത്തിലേക്ക് പ്രകാശം പതിക്കുന്ന രീതിയിൽ സ്ഥാപിക്കും. പ്രകാശം കണ്ട് കൂട്ടത്തോടെ മത്സ്യങ്ങൾ എത്തുമ്പോൾ കോരിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്. എതിർക്കുന്നവരെ കായികമായി ഇവർ നേരിടുമെന്നതിനാൽ കടലിൽ സംഘർഷാവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇവരെ നേരിടാത്തത്.
ജില്ല ഭരണകൂടവും ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കടലിലെ മത്സ്യസമ്പത്ത് ഇല്ലാതാക്കുന്ന ഈ പ്രവൃത്തിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യമുയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.