ഇരവിപുരം: അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം മൂലം മാടന്നട ഭരണിക്കാവ് റെയില്‍വേഗേറ്റ് മണിക്കൂറുകളോളം അടച്ചിട്ടു. ഗതാഗതക്കുരുക്കിനും സംഘര്‍ഷാവസ്ഥക്കും കാരണമായതോടെ ജനം വലഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് മണിക്കൂറുകളോളം ഗേറ്റ് അടച്ചിട്ടത്. ഗേറ്റ് കീപ്പറോട് വാഹനങ്ങളിലെത്തിയവര്‍ തട്ടിക്കയറിയതിനെ തുടര്‍ന്ന് ആര്.പി.എഫ് എസ്.ഐയും സംഘവും ഗേറ്റിലെത്തിയിരുന്നു.
ഇരവിപുരം റെയിൽവേ ഗേറ്റ് അടച്ചതോടെ വാഹനങ്ങള്‍ ഭരണിക്കാവ് ഗേറ്റ് വഴിയാണ് തിരിച്ചുവിട്ടത്. എന്നാല്‍ ഈ ഗേറ്റ് തുറക്കുന്നതിനും അടക്കുന്നതിനും സിഗ്നല്‍ നല്‍കുന്നത് പരവൂര്‍ റെയിൽവേ സ്റ്റേഷനില്‍ നിന്നാണ്. കാപ്പില്‍ നിന്നും ട്രെയിന്‍ വരുമ്പോള്‍ തന്നെ പരവൂരില്‍ നിന്നും ഗേറ്റ് അടക്കുന്നതിനായി സിഗ്നല്‍ നല്‍കും. അതിനാല്‍ ഏറെ സമയം ഗേറ്റ് അടച്ചിടേണ്ടി വരുന്നുണ്ട്. ഭരണിക്കാവ് ഗേറ്റിനടുത്തുള്ള പോളയത്തോട് ഗേറ്റ് തുറന്നാലും ഭരണിക്കാവ് ഗേറ്റ് തുറക്കാറില്ല.
പോളയത്തോട് ഗേറ്റില്‍ കൊല്ലത്തുനിന്നാണ് സിഗ്നല്‍ നല്‍കുന്നത്. ഇരവിപുരം ഗേറ്റ് തുറക്കുന്ന സിഗ്നല്‍ സംവിധാനം കൊല്ലത്തേക്ക് മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്. ഗേറ്റ് കീപ്പറും വാഹനയാത്രക്കാരുമായി ഗേറ്റ് തുറക്കുന്നത് സംബന്ധിച്ച് തര്‍ക്കം പതിവായതോടെ സിഗ്നല്‍ പരവൂരില്‍ നിന്നാണെന്ന് കാട്ടി റെയില്‍വെ ഗേറ്റിന്റെ ഇരുവശത്തും ബാനർ സ്ഥാപിച്ചു. ഭരണിക്കാവ് മുതല്‍ മാടന്നട വരെയും പുത്തന്നടവരെയും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.