ഇരവിപുരം: ബാധ ഒഴിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞു വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചതിന് ദമ്പതികളെയും മാതാവിനെയും കുത്തിപ്പരിക്കേൽപിച്ചശേഷം കടന്നുകളഞ്ഞ മന്ത്രവാദിയെ ഒളിത്താവളത്തിൽനിന്ന് ഇരവിപുരം പൊലീസ് പിടികൂടി. താന്നി സ്വർഗപുരം ക്ഷേത്രത്തിന് തെക്കുവശം ആലുവിള വീട്ടിൽ ബലഭദ്രൻ (63) ആണ് അറസ്റ്റിലായത്. മാർച്ച് 29 ന് വൈകുന്നേരം ആറരയോടെ താന്നിയിലെ മന്ത്രവാദിയുടെ താമസസ്ഥലത്തായിരുന്നു ആക്രമണം.
യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഒഴിപ്പിക്കണമെന്നും പറഞ്ഞാണ് ഒരു മാസം മുമ്പ് മന്ത്രവാദിയെ സമീപിച്ചത്. പലപ്പോഴായി മന്ത്രവാദി ഇവരിൽനിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീട്ടിൽ കുഴിച്ചിടുന്നതിനായി തകിടും കൂടും നൽകുകയും ചെയ്തു. ഫലം കാണാതെവന്നതോടെയാണ് പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികൾ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടത്.
പല അവധികൾ പറഞ്ഞശേഷം 29 ന് പണം നൽകാമെന്ന് പറഞ്ഞാണ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെയും ഭർത്താവിനെയും മാതാവിനെയും ആക്രമിച്ചത്. മന്ത്രവാദിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മാതാവ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മന്ത്രവാദി വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ മാവേലിക്കരയിലേക്ക് കടന്നു. മന്ത്രവാദിയെന്ന പേരിൽ ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം മുതലെടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
മാവേലിക്കര കൊല്ലകടവ് ഭാഗത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായ ദീപു, സൂരജ്, സുതൻ, സന്തോഷ്, അജിത് കുമാർ, എ.എസ്.ഐ ഷിബു പീറ്റർ, സി.പി.ഒ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. തെളിവെടുപ്പ് നടത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മന്ത്രവാദി പിടിയിലായ വിവരമറിഞ്ഞ് നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി എത്തുന്നുണ്ട്.
കൂടുതൽ അന്വേഷണത്തിനായി ഇയാളെ കോടതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.