കൊല്ലം: എറണാകുളം - വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സ്ഥിരമായി ഓടുന്നതിനും തിരുപ്പതിയിൽനിന്ന് ചെങ്ങന്നൂരിലേക്കു ആരംഭിക്കുന്ന ട്രെയിൻ കൊല്ലത്തേക്ക് നീട്ടാനും റെയിൽവേ ബോർഡ് അനുമതി നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
എറണാകുളം -വേളാങ്കണ്ണി ട്രെയിൻ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും എറണാകുളത്തുനിന്ന് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വേളാങ്കണ്ണിയിൽനിന്ന് സർവിസ് നടത്തും. എറണാകുളത്തുനിന്ന് ഉച്ചക്ക് 12.35നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50 നേ വേളാങ്കണ്ണിയിലെത്തൂ.
വേളാങ്കണ്ണിയിൽനിന്ന് വൈകീട്ട് 6.30 നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം 12ന് എറണാകുളത്തെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം സർവിസ് നടത്തുന്ന തിരുപ്പതി- കൊല്ലം സ്പെഷൽ ട്രെയിൻ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് തിരുപ്പതിയിൽ നിന്നും പുറപ്പെടുന്നത്.
കൊല്ലത്തു നിന്ന് രാവിലെ 3.20 പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10ന് തിരുപ്പതിയിൽ എത്തും. തിരുപ്പതിയിൽനിന്ന് 2.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം 6.20 ന് കൊല്ലത്ത് എത്തും.
തിരുവനന്തപുരത്തുനിന്ന് പാലക്കാടുവഴി മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും തിരുനൽവേലിയിൽനിന്ന് പാലക്കാടുവരെ സർവിസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും പുനലൂർ-ഗുരുവായൂർ ട്രെയിൻ സർവിസ് മധുരയിലേക്കും നീട്ടാനും റെയിൽവേ ബോർഡ് അനുമതി നൽകിയതായും എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.