ശൂരനാട്: ചക്കുവള്ളി പോരുവഴി പള്ളിമുറി കൊച്ചേരി ചെമ്മാട്ട് മുക്കിനുസമീപം അനധികൃതമായി പ്രവർത്തിച്ച ഗ്യാസ് സംഭരണകേന്ദ്രത്തിൽ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അത്യാഹിതം തലനാരിഴക്ക് ഒഴിവായി. ചൊവ്വാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് നാടിനെ നടുക്കിയ ഉഗ്ര സ്ഫോടനം നടന്നത്. ചെമ്മാട്ട് മുക്കിനു സമീപം ആൾതാമസമില്ലാത്ത വീടിനോട് ചേർന്നുള്ള ഷെഡിൽ പ്രവർത്തിച്ചുവന്ന സംഭരണ കേന്ദ്രത്തിൽ ചെറിയ സിലിണ്ടറുകളിൽനിന്ന് വാണിജ്യാവശ്യത്തിനുള്ള വലിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറക്കുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ ആറ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്. ഈ സമയം ഗ്യാസ് നിറക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
പൊട്ടിത്തെറിച്ച സിലിണ്ടറുകളിൽനിന്ന് തീ പടർന്ന് പരിസരത്ത് കത്തി. ശാസ്താംകോട്ടയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് സ്ഥലത്തെത്തി തീ കെടുത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഗ്യാസ് നിറച്ച നൂറോളം സിലിണ്ടറുകൾ ഉൾപ്പെടെ 150ഓളം സിലിണ്ടറുകൾ ഇവിടെ ഉണ്ടായിരുന്നു. ഷീറ്റ് മേൽക്കൂരയിട്ട ചെറിയ കെട്ടിടത്തിലെ ഗോഡൗൺ പൂർണമായി തകർന്നു. പള്ളിമുറി കോലടുത്ത് വീട്ടിൽ പ്രകാശ് ജെ. കുറുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അനധികൃത സംഭരണ കേന്ദ്രം.
പന്തളം തുമ്പമണിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസിയുടെ മറവിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഇവിടെ സംഭരണ കേന്ദ്രം പ്രവർത്തിച്ചുവന്നിരുന്നതെന്ന് പരാതിയുണ്ട്. ചക്കുവള്ളി, പോരുവഴി മേഖലയിൽ ആവശ്യക്കാർക്ക് വീടുകളിലും സ്ഥാപനങ്ങളിലും അനധികൃതമായി സിലിണ്ടറുകൾ എത്തിച്ചുനൽകുന്നത് ഇവിടെ നിന്നായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉടമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും ഇയാൾ ഒളിവിലാണെന്നും ശൂരനാട് സി.ഐ ജോസഫ് ലിയോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.