കൊല്ലം: ആശ്രാമം മൈതാനിയിൽ വ്യാഴാഴ്ച ഡ്രൈവിങ് ടെസ്റ്റിനിടെ സംഘർഷം. 150 പേർക്ക് ഓൺലൈൻ വഴി ഡ്രൈവിങ് ടെസ്റ്റിന് സമയം നൽകിയിട്ട് രാവിലെ ടെസ്റ്റിനായി എത്തിയപ്പോൾ 50 പേരെ മാത്രം ടെസ്റ്റ് നടത്തുകയുള്ളൂ എന്നും ബാക്കി 100 പേർ തിരികെ പോകണമെന്ന് മോട്ടോർ വകുപ്പ് അധികൃതർ പറഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ, കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും, സ്റ്റാഫുകളും ടെസ്റ്റിന് വന്നവരും ചേർന്നാണ് പ്രതിഷേധം നടത്തിയത്.
രാവിലെ എട്ടിന് തുടങ്ങിയ പ്രതിഷേധം 11 വരെ നീണ്ടു. ഒടുവിൽ 11 മണിക്ക് ആർ.ടി.ഒ സ്ഥലത്ത് എത്തി ടെസ്റ്റിന് വന്ന എല്ലാവർക്കും ടെസ്റ്റ് നടത്താൻ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഏപ്രിൽ 20 വരെയുള്ള ശനിയും ഞായറും ഒഴികെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിന് ഓൺലൈൻ വഴി ദിവസം 150 പേർക്ക് അലോട്മെന്റ് ഇതിനകം നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ വാക്കാലുള്ള നിർദ്ദേശപ്രകാരമാണ് ഇത് ഇന്നലെ മുതൽ 50 ആക്കി ചുരുക്കാൻ തീരുമാനിച്ചത്.
ഇത് നടപ്പായാൽ ഏകദേശം അയ്യായിരം പേർക്ക് ഇപ്പോൾ ലഭ്യമായ സമയത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കൊല്ലത്ത് മാത്രം കഴിയാതെ വരും. ഭൂരിഭാഗം പേരുടെയും ലേണേഴ്സ് ലൈസൻസിന്റെ കാലാവധിയും കഴിയും. മന്ത്രി ഗണേഷ് കുമാറിന്റേത് വികൃതമായ പരിഷ്കാരം ആണെന്ന് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജി.കെ പിള്ള, മീര രാജീവ്, അഡ്വ. സന്തോഷ് ഉളിയകോവിൽ, രാജേഷ് കുമാർ, അഡ്വ. ഉളിയക്കോവിൽ രാജേഷ്, ശിവപ്രസാദ്, അമർദത്ത്, താജഹാൻ, വിജയൻ പിള്ള, ജയന്തി, ജോയ്, സുദർശൻ താമരക്കുളം, അഫ്സൽ സുബൈർ, ഷാനവാസ്, രാജീവ്, കെ.കെ ശ്രീകൃഷ്ണ, സജിത്ത് ഗോപിദാസ് തുടങ്ങിയവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.