ഇരവിപുരം: തകരഷീറ്റ് കൊണ്ട് നിർമിച്ച വീട് തീപിടിച്ച് നശിച്ചു. മാറിയുടുക്കാൻ തുണിപോലുമില്ലാതെ വഴിയാധാരമായ കുടുംബത്തിന് ഞെട്ടലായി കുടുംബശ്രീ വായ്പയടക്കാൻ പിരിച്ചുവെച്ചിരുന്ന 40,000 രൂപയും കത്തിച്ചാമ്പലായി. ശ്രീനാരായണപുരം വടക്കേവിള നഗർ 36 ബി തിരുവോണത്തിൽ ഉപേന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ 11.30ഓടെ തീപിടിത്തമുണ്ടായത്. വീട്ടിൽ ആരുമില്ലായിരുന്നു. തകരഷീറ്റ് മറച്ചും മേഞ്ഞും നിർമിച്ച വീട് മുഴുവൻ തീആളിപ്പടർന്നത് അയൽക്കാരാണ് കണ്ടത്.
അഗ്നിരക്ഷാസേന വിവരമറിഞ്ഞ് എത്തിയപ്പോഴേക്കും അടുത്തുള്ള കെട്ടിടനിർമാണസ്ഥലത്തുനിന്ന് വെള്ളമെത്തിച്ച് നാട്ടുകാർ തീ ഭൂരിഭാഗവും കെടുത്തി. വഴിപ്രശ്നംകാരണം അഗ്നിരക്ഷാസേന വാഹനത്തിന് സംഭവസ്ഥലത്ത് എത്താനായില്ല. സമീപസ്ഥലത്തുനിന്ന് വെള്ളമെടുത്താണ് അഗ്നിരക്ഷാസേന അംഗങ്ങൾ തീപൂർണമായും കെടുത്തിയത്. കോർപറേഷൻ കുടുംബശ്രീ എ.ഡി.എസ് ബിനി ഉപേന്ദ്രന്റെ വീടാണ് നശിച്ചത്.
ഇവർ വായ്പ അടവിന് അംഗങ്ങളിൽനിന്ന് വാങ്ങി സൂക്ഷിച്ചിരുന്ന പണമാണ് ഏതാനും കഷണം മാത്രമായി അവശേഷിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ നശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേന വിലയിരുത്തൽ. കടപ്പാക്കടയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രാജേന്ദ്രൻ പിള്ള, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഹരിരാജ്, ഷൈജു, സുരേഷ് കുമാർ, ഷഹീർ, സജി, പ്രദീപ്, പ്രശാന്ത്, ഭദ്രൻ, അജിത് എന്നിർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.