മനുഷ്യക്കടത്ത്: അന്വേഷണം ഊർജിതമാക്കാൻ പൊലീസ്

കൊല്ലം: മനുഷ്യക്കടത്ത് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. ശ്രീലങ്കൻ സ്വദേശികൾക്ക് ഇവിടെ സഹായം നൽകിയവരെ കണ്ടെത്താനും കൂടുതൽ പേർ ജില്ലയിലെവിടെയെങ്കിലും തമ്പടിച്ചിട്ടുണ്ടെങ്കിൽ പിടികൂടാനും വിപുലമായ അന്വേഷണമാണ് സിറ്റി പൊലീസ് നടത്തുന്നത്. കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ വേണ്ടി നിലവിൽ പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനും തയാറെടുക്കുകയാണ് പൊലീസ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കൊല്ലം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, മംഗലപുരം എന്നിവിടങ്ങളിൽനിന്ന് പൊലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

ഇതിനായി പൊലീസ് അപേക്ഷ നൽകും. 29 ശ്രീലങ്കൻ വംശജരാണ് ഇതുവരെ പിടിയിലായത്. ഇവരിൽ 24 പേരെ കൊല്ലം, മംഗലപുരം എന്നിവിടങ്ങളിൽനിന്നും അഞ്ചുപേരെ തമിഴ്നാട്ടിൽനിന്നുമാണ് പിടികൂടിയത്.

കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ലക്ഷ്യമിട്ട് കുട്ടികളടങ്ങിയ കുടുംബങ്ങൾ ഉൾപ്പെടെയാണ് ജില്ലയിൽ എത്തിയതും പൊലീസ് പിടിയിലായതും.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കൊളംബോ സ്വദേശിയായ ലക്ഷ്മണ എന്നയാളാണ് പണം വാങ്ങി ഇവിടെ എത്തിച്ചതെന്നാണ് വെളിപ്പെടുത്തിയത്.

എന്നാൽ, ഇയാളുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഈ ഏജന്‍റിനെക്കുറിച്ച് എംബസി വഴി ശ്രീലങ്കയിൽ അന്വേഷിക്കാനുള്ള ശ്രമവുമുണ്ട്. എന്നാൽ, ഇത് എളുപ്പമാകില്ല.

ഒരു ബോട്ടിൽ 50 മുതൽ 75 വരെ ആളുകളടങ്ങുന്ന സംഘങ്ങളായാണ് മനുഷ്യക്കടത്ത് ലോബി സാധാരണ കയറ്റിവിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ പിടിയിലായവർക്ക് പുറമെ കൂടുതൽ ശ്രീലങ്കൻ അഭയാർഥികൾ കൊല്ലത്ത് എത്തിയിട്ടുണ്ടാകാമെന്ന് അന്വേഷണസംഘം പറയുന്നു. ജില്ലയിലെത്തി തങ്ങുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇതിനായി ലോഡ്ജുകൾ, ഹോംസ്റ്റേകൾ, ഹാർബറുകൾ എന്നിവിടങ്ങളിൽ വലിയതോതിൽ തിരച്ചിൽ നടത്തുന്നുണ്ട്.

Tags:    
News Summary - Human trafficking: Police to intensify investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.