കൊല്ലം: വാഹനാപകടത്തിൽ മരിച്ചയാൾ ഭവന നിർമാണത്തിനായി എടുത്ത വായ്പയും പലിശയും തിരിച്ചടച്ചിട്ടും തിരികെ നൽകാത്ത ഇൻഷുറൻസ് തുക ഒരുമാസത്തിനകം ഭാര്യക്ക് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ.
സംസ്ഥാന കോഓപറേറ്റി ഹൗസിങ് ഫെഡറേഷൻ എം.ഡിക്ക് കമീഷൻ അംഗം വി.കെ. ബീനാകുമാരിയാണ് നിർദേശം നൽകിയത്. കിഴക്കേ കല്ലട ഓണമ്പലം സ്വദേശി എ. ജസീന്ത നൽകിയ പരാതിയിലാണ് നടപടി.
കൊല്ലം ചെറുമൂട് റൂറൽ ഹൗസിങ് സഹകരണ സംഘത്തിൽനിന്ന് ഭവന നിർമാണത്തിനായിയെടുത്ത 50,000 രൂപക്ക് 1,18,645 രൂപ പലിശ സഹിതം തിരിച്ചടച്ചു. 2003 മാർച്ച് 27 നാണ് പരാതിക്കാരിയും ഭർത്താവും ചേർന്ന് വായ്പയെടുത്തത്. 2010 നവംബർ 18ന് ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു.
സഹകരണസംഘം ജോയന്റ് രജിസ്ട്രാറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. ഭർത്താവിന്റെ മരണവിവരം അറിയിക്കാൻ വൈകിയതുകൊണ്ടാണ് ഇൻഷുറൻസ് തുക തിരികെ നൽകാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. പലതവണ കത്ത് നൽകിയിട്ടും സംസ്ഥാന കോഓപറേറ്റിവ് ഹൗസിങ് ഫെഡറേഷൻ ഇൻഷുറൻസ് തുക മടക്കി നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
മരണവിവരം സഹകരണ സംഘത്തിൽ അറിയിക്കുന്ന കാര്യത്തിൽ മനഃപൂർവമല്ലാത്ത കാലതാമസം പരാതിക്കാരിയുടെ ഭാഗത്തുനിന്നുണ്ടായതായി കമീഷൻ നിരീക്ഷിച്ചു.
എന്നാൽ, വായ്പയും അതിന്റെ പലിശയും ഈടാക്കിയിട്ടും ഇൻഷുറൻസ് തുക അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.