ഇരവിപുരം: റെയിൽവേ നടത്തേണ്ട നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ ഇരവിപുരം റെയിൽവേ മേൽപാലം പൂർത്തീകരണം വൈകാൻ സാധ്യത. മേൽപാല നിർമാണത്തിന് കരാറെടുത്തവർ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നുണ്ട്. റെയിൽവെ ലൈനിന് മുകളിലുള്ള പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം പോര.
രണ്ട് വർഷം മുമ്പാണ് മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത്. ഇരവിപുരത്തെ തീരദേശ മേഖലയിൽനിന്ന് കൊല്ലം നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായിരുന്നു ഇത്. നിർമാണം വൈകുന്നത് വ്യാപാര മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഫലപ്രദമായ സമാന്തര പാതകൾ ഇല്ലാത്തതുമൂലം ഗതാഗത പ്രശ്നങ്ങളും രൂക്ഷമാണ്.
ഇരവിപുരം വാളത്തുംഗൽ വഴിയുണ്ടായിരുന്ന ബസ് സർവിസുകൾ നിലച്ചതുമൂലം ഈ മേഖലയിലുള്ളവർക്ക് പള്ളിമുക്കിലെത്തി ദേശീയപാതയിൽ പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. രോഗികളും ആംബുലൻസുകളുമടക്കം ലക്ഷ്യത്തിലെത്താൻ വൈകുന്ന സാഹചര്യമാണ്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന മാടൻനട റോഡിലെ റെയിൽവേ ഗേറ്റിൽ, ട്രെയിനുകൾ കടന്നുപോകുമ്പോൾ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവരുന്നു. വാഹനങ്ങളുടെ നിര നീളുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു. ഇത് കാൽനടയാത്രക്കാർക്ക് പോലും ദുരിതമാകുകയാണ്.
ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. എം. നൗഷാദ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മേൽപാലത്തിനായി തുക അനുവദിച്ചത്. അടുത്തിടെ സ്ഥലം സന്ദർശിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി മാർച്ചിന് മുമ്പ് റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.