ഇരവിപുരം: ഇരവിപുരം റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. സ്റ്റേഷന് മുന്നിലെ പ്ലാറ്റ്ഫോം ഉയർത്തുന്നതിലും കോവിഡ് കാലത്ത് നിർത്തലാക്കിയ മധുര ട്രെയിനിന്റെ സ്റ്റോപ് പുനഃസ്ഥാപിക്കുന്നതിലും അധികൃതർ മൗനം തുടരുകയാണ്. സ്റ്റേഷന് കിഴക്കുവശം പ്ലാറ്റ്ഫോം ഉയർത്തിയെങ്കിലും സ്റ്റേഷന് മുന്നിലെ പ്ലാറ്റ്ഫോം ഉയർത്തുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രായമായവർക്ക് ട്രെയിനിൽ കയറുന്നതിനും പ്രയാസം നേരിടുന്നു. പ്ലാറ്റ്ഫോമിലെ വിളക്കുകൾ പലതും തെളിയാത്ത അവസ്ഥയുമുണ്ട്. വിളക്കുകൾ കത്താത്തതിനാൽ രാത്രി സ്റ്റേഷനും പരിസരവും ഇരുട്ടിന്റെ പിടിയിലാണ്.
രാത്രിയിൽ പാസഞ്ചർ, മെമു ടെയിനുകളിൽ ഇവിടെ വന്നിറങ്ങുന്നവർ ഭയത്തോടെയാണ് പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുന്നത്. ഇരവിപുരം റെയിൽേവ സ്റ്റേഷനിൽ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ട്രെയിനാണ് വൈകീട്ട് ആറുമണിക്ക് ശേഷം തിരുവനന്തപുരം വഴി മധുരയിലേക്ക് പോകുന്ന ട്രെയിൻ.
കോവിഡ് കാലത്ത് നിർത്തിവെച്ച ട്രെയിൻ പുനഃസ്ഥാപിച്ചെങ്കിലും ഇരവിപുരത്തെ സ്റ്റോപ് നിർത്തലാക്കുകയായിരുന്നു. ഈ ട്രെയിൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരും റെയിൽവേക്ക് പല തവണ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായിട്ടില്ല.
ഈ ട്രെയിനിന് മയ്യനാട്ട് സ്റ്റോപ് അനുവദിച്ചിട്ടും ഇരവിപുരത്ത് പുനഃസ്ഥാപിക്കാത്തതിനെതിരെ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. ഇ. അഹമ്മദ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇരവിപുരത്ത് രണ്ട് പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലം നിർമിക്കാൻ ഉത്തരവിട്ടെങ്കിലും അതും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.