കൊല്ലം: കടുത്ത വേനല്‍ പരിഗണിച്ച് ഉച്ചനേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ പരിമിതപ്പെടുത്തണമെന്ന് കലക്ടര്‍ എന്‍. ദേവിദാസ്. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് നിര്‍ദേശം. പകല്‍ 12നും നാലിനും ഇടക്കുള്ള സമയങ്ങളില്‍ തണലുള്ള പ്രദേശങ്ങളില്‍ മാത്രം പൊതുയോഗങ്ങളും പ്രചാരണങ്ങളും നടത്തുകയും എല്ലാവരും ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ സമയങ്ങളില്‍ കുട്ടികളെ പ്രചാരണ പരിപാടികളുടെ ഭാഗമാക്കരുത്.
ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണം. പ്രചാരണ സാമഗ്രികളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറക്കണം. പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ക്രമീകരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് കണക്കാക്കാന്‍ പി.ഡബ്ല്യു.ഡി, ആര്.ടി.ഒ, ഡി.ടി.പി.സി എന്നിവര്‍ തയാറാക്കി നല്കുന്ന റേറ്റ് ചാര്‍ട്ട് ആവശ്യമായ ചര്‍ച്ചകളോടെ അംഗീകരിക്കാനും തീരുമാനമായി.
യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ വിവേക് കുമാര്‍, റൂറല്‍ എസ്.പി സാബു മാത്യു, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ 20,93,671 വോട്ടര്‍മാര്‍
കൊല്ലം: പുതുതായി ചേര്‍ത്തവർ അടക്കം ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അർഹത നേടിയത് ആകെ 20,93,671 വോട്ടർമാർ. ഇതിൽ 9,95,320 പുരുഷ വോട്ടര്‍മാരും 10,98,332 സ്ത്രീ വോട്ടര്‍മാരുമാണ്. അതേസമയം, കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ 13,02,549 വോട്ടര്‍മാരാണുള്ളത്. ഇവരിൽ പുരുഷന്മാര് 6,19,493 പേരും സ്ത്രീകള്‍ 6,83,040 പേരുമാണ്. 16 ഭിന്നലിംഗക്കാരുമുണ്ട്.
പാർലമെന്റ് മണ്ഡലത്തിൽ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പുനലൂര്‍ നിയോജക മണ്ഡലത്തിലാണ്- 203433 വോട്ടര്‍മാര്‍. കുറവ് കൊല്ലം നിയോജക മണ്ഡലത്തിലും- 169189 വോട്ടര്‍മാര്‍. പാർലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ അവസാന തീയതിക്ക് 10 ദിവസം മുമ്പുവരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.