കണ്ണനല്ലൂർ: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തു. കൊറ്റങ്കര പുനുക്കന്നൂർ ആലുംമൂടിൽ നിഷാദ് മൻസിലിൽ കൊള്ളി നിയാസ് എന്ന നിയാസ് (27), നിഷാദ് (31) എന്നിവരാണ് കാപ പ്രകാരം പൊലീസ് പിടിയിലായത്.
ഇവർക്കെതിരെ കൊല്ലം ഈസ്റ്റ്, കൊട്ടിയം, കുണ്ടറ, കിളികൊല്ലൂർ, കണ്ണനല്ലൂർ, ഇരവിപുരം എന്നീ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, നരഹത്യശ്രമം, ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപിക്കൽ, പിടിച്ചുപറി ഉൾപ്പടെയുള്ള കേസുകളുണ്ട്.
കണ്ണനല്ലൂർ സ്റ്റേഷൻ പരിധിയിൽ അമ്പലത്തിന് സമീപം സജീവൻ എന്നയാളെ കുത്തിയ കേസിൽ ഇവർ ജാമ്യത്തിൽ കഴിയുകയായിരുന്നു. സമാനസ്വഭാവമുള്ള കേസുകളിൽ ഇടപെടരുതെന്ന നിബന്ധനയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചിരുന്നത്.
കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ സ്റ്റേഷൻ പരിധിയിൽ വീണ്ടും സമാനമായ കേസുകളിൽ ഉൾപ്പെടുകയും ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തു. ജാമ്യം റദ്ദാക്കുന്നതിന് ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, സബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐ സതീഷ് കുമാർ, സി.പി.ഒ നജീബ് എന്നിവർ തയാറാക്കി സമർപ്പിച്ച അപേക്ഷയിൽ പ്രകാരമാണ് കൊല്ലം പ്രിൻസിപ്പിൾ സെഷൻസ് കോടതി ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. കൊള്ളി നിയാസ് നിലവിൽ ഇരുപതോളം കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.