കണ്ണനല്ലൂർ: വീടുകയറി അക്രമവും അടിപിടിയും നടത്തിയ കേസിൽ ആറുപേർ പൊലീസ് പിടിയിൽ. കഴിഞ്ഞദിവസം പുലർച്ചയുണ്ടായ സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലായാണ് ആറ് പ്രതികളെ പിടികൂടിയത്.
നെടുമ്പന സൗമ്യഭവനിൽ സജിത്ത് (32), നെടുമ്പന അനുജാഭവനിൽ അനന്തു (25), പരവൂർ നെടുങ്ങോലം കുന്നുവിളവീട്ടിൽ അരുൺ (31), പഴങ്ങാലം സനു ഭവനിൽ സനു (26), നെടുമ്പന ശരണ്യ ഭവനിൽ ദർശൻ തമ്പി (26), നെടുമ്പന ശരണ്യ ഭവനിൽ ആനക്കാരൻ എന്ന സതീശൻ (49) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മാരകായുധങ്ങളുമായി ദർശൻതമ്പിയുടെ നെടുമ്പനയിലുള്ള വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചെന്ന കേസിലാണ് സജിത്ത്, അനന്തു, അരുൺ, സനു എന്നിവർ പിടിയിലായത്.
വീടിന്‍റെ കതക് അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ദർശൻ തമ്പിെയയും ഭാര്യെയയും ഭാര്യാപിതാവായ സതീശെനയും ആക്രമിച്ചെന്നാണ് പരാതി. വീടിന് മുന്നിലിരുന്ന മോട്ടോർ സൈക്കിൾ പ്രതികൾ അടിച്ചുതകർത്തു. തുടർന്ന്, ദർശൻ തമ്പിയും സതീശനും മാരകായുധങ്ങളുമായി യുവാക്കളെ തിരികെ ആക്രമിക്കുകയും അനന്തുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തതായി കാട്ടി യുവാക്കൾ പരാതിനൽകി.
ഇരുകൂട്ടരുെടയും പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ദർശൻതമ്പി മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്‍റെ നിർദേശപ്രകാരം കണ്ണനല്ലൂർ ഇൻസ്പെക്ടർ ജയകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ നെജുമുദ്ദീൻ, എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഒമാരായ ലാലുമോൻ, പ്രജീഷ്, സി.പി.ഒ നജീബ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.