കരുനാഗപ്പള്ളി: നിയോജകമണ്ഡലത്തിൽ മിക്ക സമയങ്ങളിലും ഉണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതിമുടക്കം പരിഹരിക്കുന്നതിന് 110 കെ.വി സബ് സ്റ്റേഷൻ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ചോദ്യോത്തര വേളയിൽ സി.ആർ. മഹേഷ് എം.എൽ.എക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആറ് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഉള്ള കരുനാഗപ്പള്ളിയിൽ നിലവിൽ 66 കെ.വി. സബ്സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി ലഭിക്കുന്നത്. തടസ്സമുണ്ടായാൽ പല പ്രദേശങ്ങളും മണിക്കൂറുകളോളം ഇരുളിലാണ്. ഈ 66 കെ.വി. സബ്സ്റ്റേഷനെ 110 കെ.വി.സബ് സ്റ്റേഷൻ ആക്കാനുള്ള പ്രവർത്തനങ്ങൾ വർഷങ്ങളായി നടന്നുവരുകയാണ്. എന്നാൽ, ഇത് പൂർത്തിയായിട്ടില്ല.
ശാസ്താംകോട്ട മുതൽ കരുനാഗപ്പള്ളി വരെ 13 കിലോമീറ്റർ ലൈനാണ് 110 കെ.വി.ലൈൻ വലിച്ച് പൂർത്തീകരിക്കേണ്ടത്. 10.25 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 10 കിലോമീറ്റർ ജോലികൾ തീർന്നു. ഇനി മൂന്ന് കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതുമായ തർക്കം അടുത്തിടെ പരിഹരിച്ചിരുന്നു.
സബ് സ്റ്റേഷൻ നിർമാണത്തിന് 16 കോടി രൂപയാണ് അനുവദിച്ചത്. ഇനി രണ്ട് ട്രാൻസ്ഫോർമർ കൂടി വേണം. 110 കെ.വി ആകുമ്പോൾ പാനൽ സ്ട്രെച്ചർ ആവശ്യമുണ്ട്. ഇത്രയും കാര്യങ്ങൾ വൈദ്യുതി ഭവൻ വാങ്ങണം. ഈ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ കരുനാഗപ്പള്ളിയുടെ വൈദ്യുതി പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.