കരുനാഗപ്പള്ളി: ‘മുച്ചീട്ട് കളിക്കാരന്റെ മകൾ’ എന്ന വൈക്കം മുഹമ്മദ് ബഷീർ കഥയുടെ സ്വതന്ത്ര നാടകാവിഷ്ക്കാരം കാണാൻ മകൻ അനീസ് ബഷീർ കരുനാഗപ്പള്ളിയിലെത്തി. ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മുത്തപ്പയും ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും പോക്കറുടെ മകൾ സൈനബയും രംഗത്തെത്തിയപ്പോൾ പ്രേക്ഷകരോടൊപ്പം അനീസ് ബഷീറും മതി മറന്ന് ചിരിച്ചു.
സി.ആർ. മഹേഷ് എം.എൽ.എ നിർമാണ നിർവഹണം നടത്തിയ നാടകത്തിന്റെ സ്വതന്ത്രാവിഷ്ക്കാരം നിർവഹിച്ചത് ഹേമന്ദ് കുമാറാണ്. രാജേഷ് ഇരുളമാണ് സംവിധാനം. തിരുവനന്തപുരം സാഹിതി തിയറ്റേഴ്സാണ് നാടകം അരങ്ങിലെത്തിക്കുന്നത്. ബഷീറും നാടകത്തിൽ കഥാപാത്രമായി എത്തുന്നുണ്ട്. ഒറ്റക്കണ്ണൻ പോക്കറായി വിനോദ് കുണ്ടുകാട്, മണ്ടൻ മുത്തപ്പയായി മുരളി പി.ആർ.സി, പൊൻകുരിശ് തോമ, ബഷീർ എന്നീ കഥാപാത്രങ്ങളായി സാബു ചെറായി, ആനവാരി രാമൻ നായരായി സാജുമേനോൻ, പൊലീസ്കാരൻ, എട്ടു കാലി മമ്മൂഞ്ഞ് എന്നീ കഥാപാത്രങ്ങളായി അജിത് പനയ്ക്കൽ എന്നിവർ വേഷമിട്ടു.
കരുനാഗപ്പള്ളി കൾചറൽ സെന്റർ (കെ.സി.സി) പ്രഥമ പരിപാടിയായിട്ടാണ് നാടകം അവതരിപ്പിച്ചത്. കെ.സി.സി പ്രസിഡന്റ് നിയാസ് ഇ. കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നിർവ്ഹിച്ചു. ബിജു മുഹമ്മദ്, സെക്രട്ടറി മീന ശൂരനാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.