കരുനാഗപ്പള്ളി: ഗൃഹോപകരണ വിൽപനശാലയുടെ ഷട്ടർ പൊളിച്ചുമാറ്റുകയും സാധനങ്ങളും മറ്റും നീക്കം ചെയ്യുകയും ചെയ്തതായി വ്യാപാരിയുടെ പരാതി. കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷനിലുള്ള രശ്മി ഹാപ്പി ഹോം അപ്ലൈയിൻസിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
ദേശീയപാത ഒഴിപ്പിക്കലിെൻറ പേരിൽ കെട്ടിട ഉടമയുടെ ആൾക്കാരായ ഒരു സംഘമാണ് അതിക്രമം നടത്തിയതെന്ന് കാട്ടി രശ്മി ഹാപ്പി ഹോം അപ്ലൈയിൻസ് ഉടമ കെ. രവീന്ദ്രൻ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പുള്ളിമാൻ ജങ്ഷനിലുള്ള കെട്ടിട സമുച്ചയത്തിലാണ് കെ. രവീന്ദ്രൻ വർഷങ്ങളായി സ്ഥാപനം നടത്തിവന്നിരുന്നത്.
സംഭവത്തെക്കുറിച്ച് പരാതിയിൽ പറയുന്നതിങ്ങനെ: പുലർച്ചെ അഞ്ചരയോടെ കെട്ടിട ഉടമയുമായി ബന്ധപ്പെട്ട ചിലരെത്തി മുൻഭാഗത്തെ ഷട്ടറുകൾ പൂർണമായും പൊളിച്ചുമാറ്റുകയും സി.സി.ടി.വി, ഡി.വി.ആർ എന്നിവയും കടയിൽ സൂക്ഷിച്ചിരുന്ന ചില വ്യാപാര സാധനങ്ങളും മറ്റും നീക്കം ചെയ്തു. ഇതുവഴി 60 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും കടയിലെത്തിയ സംഘം ഭീക്ഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കട ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. ഇതെതുടർന്ന് മറ്റൊരു കട വാടകക്കെടുത്ത് വിൽപന വസ്തുക്കളും മറ്റും അവിടേയ്ക്ക് മാറ്റി വരികയായിരുന്നു. ഇതുസംബന്ധിച്ച് കട ഉടമയെ അറിയിച്ചിരുന്നതായും കെ. രവീന്ദ്രൻ പറയുന്നു. ഇതിനിടെയാണ് അതിക്രമം ഉണ്ടായതെന്നും ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങൾ സൂക്ഷിക്കുന്ന കടയുടെ ഷട്ടർ ഉൾപ്പടെ പൊളിച്ചുനീക്കിയതായും പരാതിയിൽ പറയുന്നു.
എന്നാൽ, ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പൊളിച്ചുനീക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നതനുസരിച്ചാണ് നടപടിയെന്ന് കെട്ടിട ഉടമ പറഞ്ഞു.
ഇതിന് അനുവദിച്ച സമയപരിധി കഴിഞ്ഞതിനാൽ ഏറ്റെടുത്ത ഭാഗം പൊളിച്ചു നീക്കുക മാത്രമാണ് ഉണ്ടായതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും കെട്ടിട ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.