കരുനാഗപ്പള്ളി: വർഷങ്ങളായി കോൺഗ്രസിന്റെ ഭരണസമിതിയുള്ള തൊടിയൂർ സർവിസ് സഹകരണ ബാങ്കിൽ നിയമനങ്ങൾക്ക് കോൺഗ്രസ് പാർട്ടി കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ബാങ്ക് പ്രസിഡന്റ്. കാൽ നൂറ്റാണ്ട് കാലമായി ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന പ്രമുഖ നേതാവ് തൊടിയൂർ രാമചന്ദ്രനാണ് വെളിപ്പെടുത്തൽ നടത്തിയത്. വിഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ കരുനാഗപ്പള്ളിയിലെ കോൺഗ്രസ് നേതൃത്വം വെട്ടിലായി.
പുതിയ മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ കഴിഞ്ഞദിവസം കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റായി നിയമിതനായ സുന്ദരേശന്റെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് നാടകീയ സംഭവവികാസങ്ങളുണ്ടായത്. തൊടിയൂർ സർവിസ് സഹകരണ ബാങ്കിൽ 25 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന തൊടിയൂർ രാമചന്ദ്രൻ തൽസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. രാമചന്ദ്രനെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങളും ഒരു വിഭാഗം ഉയർത്തി.
രാമചന്ദ്രൻ പ്രസിഡന്റായിരുന്ന 25 വർഷക്കാലത്തിനിടയിൽ 50ഓളം പുതിയ നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും ഇവയിൽ പലതിലും നടന്ന അഴിമതി സംബന്ധിച്ചും ആരോപണങ്ങൾ ഉയർന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ തൊടിയൂർ രാമചന്ദ്രൻ വികാരഭരിതനായി. തന്റെ കൈകൾ ശുദ്ധമാണെന്നും നിയമനങ്ങളെല്ലാം തീരുമാനിച്ചത് കോൺഗ്രസ് പാർട്ടിയാണെന്നും അവരുടെ നിയമന ഉത്തരവിൽ ഒപ്പിടുന്ന ജോലി മാത്രമാണ് ചെയ്തതെന്നും പണം വാങ്ങിയത് പാർട്ടിയാണെന്നും യോഗത്തിൽ വ്യക്തമാക്കി.
തൊടിയൂരിലെ കോൺഗ്രസ് ഭവൻ നിർമാണത്തിന് മൂന്നു ലക്ഷവും കരുനാഗപ്പള്ളി കോൺഗ്രസ് ഭവന് ഒരു ലക്ഷവും കെ.പി.സി.സി ഓഫിസ് നിർമാണത്തിനായി ഒന്നര ലക്ഷവും ഉൾപ്പെടെ നൽകിയ കണക്കുകളും രാമചന്ദ്രൻ യോഗത്തിൽ അവതരിപ്പിച്ചു. ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന തൊടിയൂർ രാമചന്ദ്രൻ യു.ഡി.എഫിന്റെ കരുനാഗപ്പള്ളി അസംബ്ലി മണ്ഡലം ചെയർമാൻ കൂടിയാണ്.
എ ഗ്രൂപ്പിൽനിന്നും അടുത്തകാലത്ത് കെ.സി. വേണുഗോപാൽ ഗ്രൂപ്പിലേക്ക് രാമചന്ദ്രൻ കളംമാറ്റി ചവിട്ടിയതോടെ ഇദ്ദേഹത്തിനെതിരെ നീക്കങ്ങളും ശക്തമായി. തുടർന്ന് ഇത്തവണ ബാങ്ക് പ്രസിഡന്റ് സ്ഥാനം യാതൊരു കാരണവശാലും രാമചന്ദ്രന് നൽകാനാകില്ലെന്ന നിലപാടിലാണ് മറ്റു ഗ്രൂപ്പുകൾ. ഒരവസരം കൂടി നൽകണമെന്നും തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന ചിലരെങ്കിലും സ്വന്തം മനഃസാക്ഷിയോട് ചോദിക്കണമെന്ന് അവരിൽ പലരുടെയും ഭാര്യമാർക്കും ബന്ധുക്കൾക്കും താനാണ് ജോലി കൊടുത്തതെന്നും രാമചന്ദ്രൻ യോഗത്തിൽ പറയുന്നുണ്ട്. ബാങ്ക് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച വിഡിയോ പുറത്തുവിട്ടതും കോൺഗ്രസിനുള്ളിൽ ശക്തമായ ഗ്രൂപ് തർക്കങ്ങളുടെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.
100 കോടിയിലധികം നിക്ഷേപവും അഞ്ച് ശാഖകളും ഉൾപ്പെടെ പ്രവർത്തിക്കുന്ന ജില്ലയിലെതന്നെ പ്രമുഖ സഹകരണ സ്ഥാപനമാണ് തൊടിയൂർ സർവിസ് സഹകരണ ബാങ്ക്. ജില്ലയിൽതന്നെ കോൺഗ്രസ് ഭരണത്തിൻ കീഴിൽ എട്ടോളം പ്രമുഖ സഹകരണ ബാങ്കുകളുള്ള താലൂക്കാണ് കരുനാഗപ്പള്ളി. ഇതിൽ മിക്ക സ്ഥലങ്ങളിലും നിയമനങ്ങൾ സംബന്ധിച്ച കോഴ ആരോപണങ്ങൾ നിലനിൽക്കുകയാണ്.
തൊടിയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിയമനം സംബന്ധിച്ച് പാർട്ടിക്കെതിരെ നടത്തിയിട്ടുള്ള വെളിപ്പെടുത്തലിനെപ്പറ്റി കോൺഗ്രസിന്റെ മണ്ഡലം നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഒട്ടേറെ നിയമക്കുരുക്കുകളിലേക്ക് എത്താൻ സാധ്യതയുള്ള തൊടിയൂർ രാമചന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും പരിശോധിക്കണമെന്ന് രാമചന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.