കരുനാഗപ്പള്ളി: കടുത്ത വേനലിൽ കരുനാഗപ്പള്ളി മേഖലയിൽ 16 കറവപ്പശുക്കൾ ചത്തു. കരുനാഗപ്പള്ളി ക്ഷീര വികസന ഓഫീസ് പരിധിയിൽപ്പെട്ട ക്ഷീര സംഘങ്ങളിലെ കർഷകരുടെ കറവ പശുക്കളാണ് ചത്തതിൽ ഏറെയും.
പുലിയൂർവഞ്ചി ക്ഷീര സംഘം - 3, കോഴിക്കോട് ക്ഷീരസംഘം - 3, മുഴങ്ങോടി ക്ഷീരസംഘം-2, അയണിവേലികുളങ്ങര - 1, മരുതൂർകുളങ്ങര - 2, പടനായർകുളങ്ങര - 5 എന്നീ ക്രമത്തിലാണ് പശുക്കൾ ചത്തത്. എന്നാൽ, ക്ഷീരസംഘത്തിൽ പാൽ നൽകാത്ത കർഷകരുടെയും പശുക്കൾ ചത്തിട്ടുണ്ട്. അത്തരത്തിൽ ചത്ത പശുക്കളുടെ എണ്ണം ലഭ്യമായിട്ടില്ല. പശുക്കൾ ചത്തതിനൊപ്പം മേയാൻ വിട്ട പശുക്കൾക്കും എരുമകൾക്കും സൂര്യാഘാതം ഏറ്റിട്ടുണ്ട്.
മൂന്ന് ആഴ്ചക്കുള്ളിലാണ് പശുക്കളിൽ ഏറെയും ചത്തത്. ജില്ലയിലെ എല്ലാ ക്ഷീര വികസന ബ്ലോക്കുകളിലും ഇതുപോലെ നിരവധി പശുക്കൾ ചത്തിട്ടുണ്ട്. എന്നാൽ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഒരു പശു മാത്രമാണ് ചത്തത്. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മൃഗസംരഷണ- ക്ഷീര വികസന വകുപ്പുകളുടെ സംയുക്ത യോഗം ചേരുകയും ഇത്തരത്തിൽ ചത്ത പശുക്കളുടെ വിവര ശേഖരണം നടത്താൻ നിർദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
നാക്ക് പുറത്തേക്കിട്ട് അമിതമായ കിതപ്പ് കാണിക്കുകയും തുടർന്ന് ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുകയും പിന്നീട് കുഴഞ്ഞുവീണ് ചാകുകയുമാണ് ചെയ്യുന്നത്. ചില പശുക്കൾ ഹൃദയാഘാതം മൂലവും ചാകുന്നുണ്ട്. കറുത്ത നിറങ്ങളിലുള്ള പശുക്കളാണ് പ്രധാനമായും ചാകുന്നത്.
കടുത്ത വേനലിൽ പാലുൽപ്പാദനം ഗണ്യമായി കുറഞ്ഞ് ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പശുക്കൾ ചത്തൊടുങ്ങുന്നത്. അടിയന്തരമായി സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.