കരുനാഗപ്പള്ളി: പുതുതായി പണികഴിപ്പിച്ച ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂള്‍ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി വിശിഷ്ടാതിഥിയാവും.
2024ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച 324 വിദ്യാർഥികളെ അനുമോദിക്കും. തുടർന്ന് വിദ്യാർഥികളും അധ്യാപകരും അവതരിപ്പിക്കുന്നകലാപരിപാടികൾ നടക്കും. വൈകീട്ട് ആറ് മുതൽ ഗായകൻ അതുൽ നറുകര അവതരിപ്പിക്കുന്ന സംഗീതവിരുന്നും അരങ്ങേറും.സാമൂഹിക പരിഷ്കർത്താവും സാംസ്കാരിക നായകനുമായിരുന്ന സി.എസ് സുബ്രഹ്മണ്യംപോറ്റി 1916ൽ സ്ഥാപിച്ച ലോവർ ഗ്രേഡ് സെക്കൻഡറി സ്കൂളാണ് പിന്നീട് കരുനാഗപ്പള്ളി ഹൈസ്കൂളായി മാറിയത്.
1924ൽ ഇതേ വിദ്യാലയ മുറ്റത്ത് സി.എസ് സുബ്രഹ്മണ്യൻപോറ്റിയും ഡോ. വി.വി. വേലുക്കുട്ടി അരയനും നേതൃത്വം നൽകി സംഘടിപ്പിച്ച പന്തിഭോജനത്തിന്റെ ശതാബ്ദി വർഷത്തിലാണ് പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ടെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു. നാല് നിലകളിലായി ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെയാണ് നിർമാണം പൂർത്തിയാക്കിയത്. മാനേജിങ് കമ്മിറ്റി പ്രസിഡൻറ് വി.പി. ജയപ്രകാശ് മേനോൻ, മാനേജർ എൽ. ശ്രീലത, പ്രിൻസിപ്പൽ ഐ. വീണറാണി, ഹെഡ്മിസ്ട്രസ്മാരായ ടി. സരിത, കെ.ജി. അമ്പിളി, പി.ടി.എ പ്രസിഡൻറ് ക്ലാപ്പന സുരേഷ്, ഭരണസമിതി അംഗം ജി. മോഹനകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.