കരുനാഗപ്പള്ളി: യുവാവിനെയും ഭാര്യയേയും അക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് ആലുംകടവ് സിന്ധുഭവനത്തിൽ അതുൽദാസിനെയാണ് (26) കരുനാഗപ്പള്ളി പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് എട്ടിന് രാത്രിയിൽ മരുതൂർകുളങ്ങര തെക്ക് കാഞ്ഞിരവേലിൽ ക്ഷേത്രോത്സവത്തിന് കുടുംബസമേതമെത്തിയ അതുൽരാജിനും ഭാര്യ പൂജക്കുമാണ് സാരമായി പരിക്കേറ്റത്.
അതുൽരാജുമായുള്ള രാഷ്ട്രീയ വിരോധം നിമിത്തം അതുൽദാസ് അടക്കമുള്ള പ്രതികൾ സംഘമായി വന്ന് ഇവരെ തടയുകയും അസഭ്യം പറയുകയും ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പ്രതികൾ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾകൊണ്ട് മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച അതുൽരാജിന്റെ ഭാര്യയ്ക്കും മർദനമേറ്റു. അക്രമത്തിനുശേഷം മറ്റുപ്രതികൾ പൊലീസ് പിടിയിലായിരുന്നു. എന്നാൽ, അതുൽദാസ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.