കരുനാഗപ്പള്ളി: ട്രാക്ക് ബലപ്പെടുത്തലിന്റെ ഭാഗമായി റെയിൽവേ നടത്തിയ അറ്റകുറ്റപണികൾ ലവൽക്രോസുകളിലൂടെയുള്ള വാഹന ഗതാഗതത്തിന് അപകട ഭീഷണിയാകുന്നു. അറ്റകുറ്റപ്പണികൾക്കായി പാളങ്ങൾക്ക് ഇരുവശവും റോഡ് ഗതാഗതത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയിരുന്നു.
ജോലികൾ പൂർത്തീകരിച്ച ശേഷം ഇവ പുനസ്ഥാപിച്ചെങ്കിലും മെറ്റൽ ഉപയോഗിച്ച് വിടവുകൾ നികത്തുവാനോ ടാറിങ് ചെയ്യുവാനോ അധികൃതർ തയാറായിട്ടില്ല. ഗതാഗത തിരക്കേറിയ പുതിയകാവ് -ചക്കുവള്ളി, വവ്വാക്കാവ് മണപ്പള്ളി റോഡുകളിലെ ലെവൽ ക്രോസുകളിൽ റേയിൽവേ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ട് ഒരു മാസം പിന്നിടുകയാണ്.
ഇവിടെ കോൺക്രീറ്റ് സ്ലാബുകളോട് ചേർത്ത് വെച്ചിരുന്ന വലിയ മെറ്റലുകൾ റോഡിൽ നാലുപാടും ചിതറി കിടക്കുന്നു. ക്രമരഹിതമായി കിടക്കുന്ന കോൺക്രീറ്റ് സ്ലാബുകൾക്ക് മുകളിലൂടെ വലിയ വാഹനങ്ങൾക്ക് പോലും അനായാസം കടന്നു പോകുവാൻ കഴിയില്ല. ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിലെ യാത്രക്കാർ ഇറങ്ങി തള്ളിയാണ് പലപ്പോഴും പാളം മുറിച്ച് കടക്കുന്നത്.
ഇരുചക്രവാഹന യാത്രികർ കുഴിയിൽ വീണ് അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. സുഗമമായി കടന്നു പോകുവാനുള്ള സാഹചര്യം ഇല്ലാതായതോടെ ട്രെയിൻ പോകുവാനായി കാത്തു കിടക്കുന്ന ഏതാനും വാഹനം കടന്നു പോകുമ്പോഴേക്കും അടുത്ത ട്രെയിന്‍ വേണ്ടി ഗേറ്റ് അടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.