കരുനാഗപ്പള്ളി: മഴ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ടിനും മറ്റ് ദുരിതങ്ങൾക്കും കാരണമായി. നിരവധി വീടുകൾ വെള്ളത്തിലായി. ഇടറോഡുകൾ പലതും വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. നഗരസഭ എട്ടാം ഡിവിഷനിലും പുള്ളിമാൻ ജങ്ഷനുപടിഞ്ഞാറും വീടുകളിൽ വെള്ളം കയറി. രണ്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
മഴ ശക്തമായി തുടർന്നാൽ ഈ പ്രദേശത്തുള്ള കുടുംബങ്ങളെ തഴവയിലെ ഡിസാസ്റ്റർ ഷെൽറ്ററിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. നഗരസഭയിലെ തീരദേശ വാർഡുകളിലും ടൗണിനോട് ചേർന്ന പ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. നഗരസഭ ജീവനക്കാരെത്തി പല സ്ഥലങ്ങളിലും തടസ്സങ്ങൾ നീക്കി വെള്ളക്കെട്ട് ഒഴിവാക്കി.
കുലശേഖരപുരം പഞ്ചായത്തിലെ 1,2,3,15,17,23 എന്നീ വാർഡുകളിലെ 65 ശതമാനത്തിൽപരം ജനവാസമേഖലകൾ ഇതിനകം വെള്ളക്കെട്ടിനടിയിലായി. പന്നിത്തോട്, തഴത്തോട്, പാറ്റോലിതോട് എന്നിവ കരകവിഞ്ഞൊഴുകിയതോടുകൂടി ഇതിന്റെ തീരപ്രദേശത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. പഞ്ചായത്തിലെ 90 ശതമാനം ഉൾനാടൻ റോഡുകളും വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
പഞ്ചായത്തിന്റെ പടിഞ്ഞാറൻമേഖലകളിൽ നിരവധി കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയുണ്ടെങ്കിലും ഇവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നതിന് വിമുഖത കാണിക്കുകയാണ്. രാത്രി കൂടി മഴ തുടർന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയാണ് ഇപ്പോൾ വ്യാപകമാകുന്നത്.
പഞ്ചായത്തിെൻറ തീരമേഖലയിൽ ഗ്രാമീണ റോഡുകളിൽ ഉൾപ്പെടെ ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. തൊടിയൂർ വെളുത്തമണൽ ഉമേഷ് ഭവനത്തിൽ അംബികയുടെ കിണർ ഇടിഞ്ഞുതാണു.
ചവറ: ശക്തമായ മഴയിൽ ചവറയുടെ വിവിധ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വീണു. പുത്തൻസങ്കേതം നോർത്ത്, കൊച്ചയ്യത്ത് കമലാലയത്തിൽ കമലമ്മയുടെയും തെക്കുംഭാഗം നടുവത്തുചേരി കൊണ്ടാന വീട്ടിൽ (ചെപ്പള്ളിൽ) മുരളീധരൻ പിള്ളയുടെയും വീടുകളിലെ കിണറുകൾ ഇടിഞ്ഞുതാണു. തെക്കുംഭാഗം വടക്കുംഭാഗത്ത് രാജേഷ് ഭവനം വീട്ടിൽ സരസ്വതിപിള്ളയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു.
ചവറ കൊറ്റംകുളങ്ങര എച്ച്.എസ്.എസിൽ ദുരിതാശ്വാസക്യാമ്പ് പ്രവർത്തനം തുടങ്ങി. പതിനാറാം വാർഡിലെ മുപ്പതോളം കുടുംബങ്ങളെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ചവറ ബസ് സ്റ്റാൻഡിന് കിഴക്ക് കരീലി വയലിന് സമീപമുള്ള വീടുകളിൽ വെള്ളം കയറി. ചവറ നല്ലെഴുത്ത് ജങ്ഷന് കിഴക്ക് പ്രദേശത്ത് വെള്ളം കയറി.
റോഡുകൾ പൂർണമായി മുങ്ങിയതിനെ തുടർന്ന് നാട്ടുകാർ റോഡ് അടച്ചു. പഞ്ചായത്തിലെ കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളം ടി.എസ് കനാലിലേക്ക് പോകുന്ന ഓട പൂർണമായും നിറഞ്ഞുകവിഞ്ഞു. ഓടയുടെ വലുപ്പക്കുറവ് മൂലം വെള്ളപ്പൊക്കം ഇവിടെ പതിവാണ്.
ചവറ ബസ് സ്റ്റാൻഡിന് സമീപം സലീമിെൻറ പുരയിടത്തിലെ മാവ് കടപുഴകി. പന്മന ഫീഡർ പോകുന്ന വൈദ്യുതി കേബിളുകൾ കത്തുകയും പോസ്റ്റുകൾ ഒടിയുകയും ചെയ്തു. പുലർച്ചയായതിനാൽ വൻ അപകടം ഒഴിവായി. ചവറ അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി. തേവലക്കരയിൽ പടിഞ്ഞാറ്റക്കര, പാലയ്ക്കൽ, നടുവിലക്കര, കോയിവിള തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രദേശവാസികൾ ദുരിതത്തിലായി.
വലിയത്ത് ജങ്ഷൻ പന്മനമനയിൽ സ്കൂൾ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്. പോരൂക്കര, വടക്കുംതല കൊല്ലക, ചാമ്പക്കടവ് പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.