കരുനാഗപ്പള്ളി: താലൂക്കാശുപത്രി വികസനത്തിന്റെ ഭാഗമായി 12 കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ ഒന്നാംഘട്ടത്തിന്റെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച നടക്കും. നിലവിലുണ്ടായിരുന്ന രണ്ട് നിലകളുടെ മുകളിൽ രണ്ട് നിലകൾ കൂടി നിർമിച്ചാണ് ഒന്നാംഘട്ട നിർമാണം പൂർത്തിയായത്. ഐ.ആർ.ഇ.യുടെ സി.എസ്.ആർ ഫണ്ടിൽനിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ഐ.സി യൂനിറ്റും പ്രവർത്തനസജ്ജമായി.
നഗരസഭ ആലപ്പാട് ഒന്നാം ഡിവിഷൻ, മാൻനിന്നവിള, ചെമ്പകശ്ശേരികടവ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് മന്ത്രി വീണ ജോർജ് നിർവഹിക്കും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. കാൻസർ വാർഡിന്റെ ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എയും, ഐ.സി യൂനിറ്റിന്റെ ഉദ്ഘാടനം ഐ.ആർ.ഇ.എൽ സി.എം.ഡി ദീപേന്ദ്രസിങ് നിർവഹിക്കും. ഐ.സി യൂനിറ്റിൽ 10 കിടക്കകളും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാൻസർ വാർഡിൽ 15 കിടക്കകളുമാണുള്ളത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എം.എൽ.എയായിരുന്ന ആർ. രാമചന്ദ്രൻ മുൻകൈയെടുത്ത് താലൂക്കാശുപത്രിയുടെ വികസനത്തിനായി കിഫ്ബിയിൽ നിന്നും അനുവദിച്ച 69 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട സമുച്ചയം പൂർത്തിയാക്കിയതെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി. മീന, എം. ശോഭന, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, എൽ. ശ്രീലത എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.