കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗത്തെ മാരാരിത്തോട്ടം ക്ഷേത്രത്തിനു സമീപം അടച്ച റെയിൽവേ ഗേറ്റ് തുറക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പുനൽകി. കഴിഞ്ഞദിവസം റെയിൽവേ അടച്ചു പൂട്ടിയ ഗേറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ഡിവിഷനൽ മാനേജർക്ക് പരാതി നൽകിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാമചന്ദ്രൻ പരാതി കൈമാറി.
തുടർന്ന് മൂന്നു ദിവസത്തിനകം ഗേറ്റ് തുറന്നുനൽകാമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതായി സമരസമിതി നേതാക്കൾ അറിയിച്ചു. സമാന രീതിയിൽ പൂട്ടിയ മൈനാഗപ്പള്ളിയിലെ റെയിൽവെ ഗേറ്റും തുറക്കുമെന്ന് കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു.
കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കുമിടയിൽ മാരാരിത്തോട്ടം മഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി മേയ് 12, 13 തീയതികളിൽ രണ്ട് ദിവസത്തേക്ക് അടച്ചിടുകയും തുടർന്ന് സ്ഥിരമായി പൂട്ടുന്ന തരത്തിൽ ഗേറ്റിന് ഇരുവശവുമായി എസ്കവേറ്റർ ഉപയോഗിച്ച് കുഴിച്ച് പാളത്തിന്റെ സപ്പോർട്ടിങ് പാളവും സ്ലിപ്പർ കട്ടകളും എടുത്തു മാറ്റുകയും ചെയ്തിരുന്നു.
കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ മേൽപാല നിർമാണം കൂടി നടക്കുന്നതിനാൽ ഏതാനും നാളുകളായി ഇതുവഴിയുള്ള ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാക്കിയിരുന്നത് മാരാരിത്തോട്ടത്തെ റെയിൽവേ ഗേറ്റായിരുന്നു. ഇതും അടച്ചതോടെ ഇതുവഴിയുള്ള നൂറുകണക്കിന് വാഹനങ്ങളുടെ ഗതാഗതം ദുരിത പൂർണമായി.
മാരാരിത്തോട്ടം വഴി ചാമ്പക്കടവ് ഭാഗത്തേക്കും കരുനാഗപ്പള്ളിയിലേക്കും പോകാനുള്ള പ്രധാന ഗേറ്റാണിത്. മാരാരിത്തോട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച കടന്നുവരാനുള്ള ഏക വഴിയുമാണിത്. ഗേറ്റ് പൂട്ടാനുള്ള റെയിൽവേ തീരുമാനത്തിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കൂടാതെ എ.എം ആരിഫ് എം.പി പ്രശ്നത്തിലിടപെട്ട് റെയിൽവേ അധികൃതർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.