കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ ബസിൽനിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയ കണ്ടക്ടർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം വെളുത്തമണൽ ഭാഗത്തേക്ക് യാത്ര ചെയ്ത വിദ്യാർഥിനിയെ സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ പുറത്തേക്ക് പിടിച്ചുതള്ളിയതായാണ് പരാതി. രക്ഷാകർത്താവിന്റെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി-ഇളമ്പള്ളൂർ റൂട്ടിൽ സർവിസ് നടത്തുന്ന രാജ എന്ന സ്വകാര്യ ബസിനെതിരെയാണ് നടപടിയുണ്ടായത്.
കരുനാഗപ്പള്ളി ജോയന്റ് ആർ.ടി.ഒ അനിൽകുമാറിന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബേബി ജോൺ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗുരുദാസ് എന്നിവരുടെ നേതൃത്വത്തിൽ ബസിൽ നടത്തിയ പരിശോധനയിൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ടക്ടറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ബസിനും ഡ്രൈവറും കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്കുമായി 10,500 രൂപ പിഴയും ചുമത്തി. ബസിലെ ജീവനക്കാർ യൂനിഫോമും നെയിം ബാഡ്ജും ധരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ബസുകളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.