കരുനാഗപ്പള്ളി: വവ്വാക്കാവ് ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമായി. വിദ്യാർഥികൾ ഉൾപ്പടെ നൂറുകണക്കിന് യാത്രക്കാരെത്തുന്ന പ്രധാന ജങ്ഷനായ ഇവിടെ മഴ പെയ്താൽ വെള്ളക്കെട്ടാണ്. റോഡിന് കിഴക്കുവശത്തു നിന്നും വെള്ളം ഒഴുകി മാറുന്നതിന് 150 മീറ്റർ വ്യത്യാസത്തിൽ ദേശീയപാതക്ക് കുറുകെ രണ്ട് ഓടകളായിരുന്നു ജങ്ഷനിലുണ്ടായിരുന്നത്.
പുതിയ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശവും ഗ്രാവൽ ഇട്ടുറപ്പിച്ചതോടെ രണ്ട് ഓടകളും പൂർണമായും ഇല്ലാതായി. കഴിഞ്ഞ മഴക്കാലത്ത് ജങ്ഷനിലെ കച്ചവട സ്ഥാപനങ്ങളിലുൾപ്പെടെ വെള്ളം കയറിയതോടെ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയുടെ നേതൃത്വത്തിൽ എക്സ്കവേറ്റർ ഉപയോഗിച്ച് ഓട തെളിച്ച് താൽക്കാലികമായി വെള്ളം ഒഴുക്കിവിട്ടിരുന്നു.
ദേശീയപാതയുടെ ഭാഗമായി റോഡിനിരുവശവും ഓടകൾ നിർമിക്കുന്നുണ്ടെങ്കിലും ജനവാസ മേഖലകളിൽ നിന്നൊഴുകി വരുന്ന വെള്ളം ഈ ഓടകളിലൂടെ കടത്തിവിടില്ലെന്ന വിചിത്ര നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. വവ്വാക്കാവ് മുതൽ വടക്കോട്ടുള്ള വലിയ പ്രദേശങ്ങളിലെ സ്വാഭാവിക നീരൊഴുക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ്.
ഇവിടെ റോഡിന് കുറുകെയുണ്ടായിരുന്ന ഓടകൾ പൂർണമായി നശിപ്പിക്കുകയും ബദൽ സംവിധാനമേർപ്പെടുത്താതിരിക്കുകയും ചെയ്യുന്ന നിഷേധാത്മക നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.