കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റി രണ്ട് ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. അധികാര വികേന്ദ്രീകരണം എന്ന മേഖലയിലെ പഠനവും പരിശീലനവും ലക്ഷ്യംവെക്കുന്ന അക്കാദമിക് പ്രവര്‍ത്തനത്തിനാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനുമായി (കില) ധാരണപത്രം ഉണ്ടായത്.
ഇതനുസരിച്ച് കില സർവകലാശാലയുടെ പ്രത്യേക കേന്ദ്രമായി മാറും. ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍, ഈ പഠനമേഖലയില്‍ തല്പരരായ ഗവേഷക വിദ്യാർഥികള്‍ എന്നിവരൊക്കെ ഈ സംയുക്ത സംരംഭത്തിന്റെ ഗുണഭോക്താക്കളാകും.
കഴിഞ്ഞ വര്‍ഷം കിലയും സർവകലാശാലയും ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയും ഒത്തുചേര്‍ന്ന് ജനപ്രതിനിധികള്‍ക്ക് പ്രദാനംചെയ്ത അക്കാദമിക് പാഠ്യപദ്ധതി വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാതൃകയുടെ കുറേക്കൂടി തീവ്രമായ സ്ഥാപനവത്കരണമാണ് ധാരണപത്രം മുന്നോട്ടുവെക്കുന്നത്.
നൈപുണ്യ വികസനത്തിലും പരിശീലനത്തിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ അഡീഷനല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ് കേരള) യുമായാണ് മറ്റൊരു ധാരണപത്രം ഉണ്ടായത്.
സർവകലാശാലയുടെ നൈപുണ്യവികസന വിഷയങ്ങളുടെ വികസനവും പരിശീലനവും വിഭാവനം ചെയ്യുന്ന മാര്‍ഗരേഖയാണ് ധാരണപത്രത്തിലൂടെ രണ്ട് സ്ഥാപനങ്ങളും വിവക്ഷിക്കുന്നത്. കാസർകോട് ജില്ല പഞ്ചായത്തിന്റെ ദര്‍പ്പണം എന്ന വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയില്‍ ഈ രണ്ടുസ്ഥാപനങ്ങളും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മന്ത്രിമാരായ ഡോ.ആര്. ബിന്ദു, എം.ബി. രാജേഷ്, ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.എം. മുബാറക് പാഷ, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, അസാപ് കേരള സി.ഇ.ഒ ഡോ. ഉഷാ ടൈറ്റസ്, ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്.വി. സുധീര്‍, രജിസ്ട്രാര്‍ ഡോ. ഡിംപി വി. ദിവാകരന്, ഹെഡ് അസാപ് വി.വി. വിജില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ, ഡോ. ടി.എം. വിജയന്, ഡോ. എ. പസിലത്തില്‍, ഡോ.എം. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.