കൊല്ലം: ശനിയാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് കൊല്ലവുമായുള്ളത് ഹൃദ്യമായ ബന്ധങ്ങള്‍.
ജില്ലയുടെ അഭിമാനസ്തംഭമായ ജടായുപ്പാറ ടൂറിസം പദ്ധതിക്ക് അടിത്തറപാകിയത് മുതല്‍ കഴിഞ്ഞ ഡിംസബര്‍ 31 ജില്ലയില്‍ നടന്ന സി.പി.എം സമ്മേളനം വരെ കോടിയേരി കൊല്ലത്തിനൊപ്പമുണ്ടായിരുന്നു. കോടിയേരി ടൂറിസം മന്ത്രി ആയിരിക്കുമ്പോഴായിരുന്നു ജില്ലയില്‍ വികസനത്തിന് കൂടുതല്‍ ഉണര്‍വ് കൈവന്നത്.
പ്രളയകാലത്ത് പത്തനംതിട്ടയിലും ചെങ്ങന്നൂരൂം രക്ഷാപ്രവര്‍ത്തനം നടത്തിയ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി തങ്കശ്ശേരിയില്‍ 2018 ആഗസ്റ്റില്‍ നടത്തിയ പരിപാടിയിലും കോടിയേരി ബാലകൃഷ്ണന് എത്തിയിരുന്നു.
ജില്ലയിലെ ചെറുതും വലുതുമായ പാര്‍ട്ടി സഖാക്കളോട് എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. രോഗത്തിന്റെ പിടിയിലായിരുന്നെങ്കിലും 2021 ഡിസംബര്‍ 31നും 2022 ജനുവരി ഒന്നു മുതല്‍ മൂന്നുവരെ ടൗണ്‍ ഹാളില്‍ നടന്ന സി.പി.എം ജില്ല സമ്മേളന പ്രതിനിധി സമ്മേളനവും പീരങ്കിമൈതാനിയില്‍ നടന്ന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് കോടിയേരിയായിരുന്നു. വന്‍ ജനാവലിയാണ് അന്ന് കോടിയേരിയുടെ പ്രസംഗം കേള്‍ക്കാന്‍ പീരങ്കി മൈതാനത്ത് തടിച്ചുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.