ഓയൂർ: പൂയപ്പള്ളി ഓട്ടുമലയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ എത്തിച്ച പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് ജനങ്ങളുടെ വൻ ഒഴുക്കായിരുന്നു. വൈദ്യപരിശോധന കഴിഞ്ഞാണ് വൻ പൊലീസ് അകമ്പടിയോടെ പൂയപ്പള്ളി സ്റ്റേഷനിലേക്ക് വാഹനം തിരിച്ചത്.
രാവിലെ 10ന് സ്റ്റേഷനു മുന്നിൽ നാട്ടുകാരും മാധ്യമപ്രവർത്തകരും തടിച്ചുകൂടിയിരുന്നു. വിവിധയിടങ്ങളിൽനിന്നുള്ള വൻ ജനാവലിയെ പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ പൊലീസ് സ്റ്റേഷന്റെ പ്രധാന വാതിൽ ബാരിക്കേഡ് ഉപയോഗിച്ച് അടക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഉള്ളിൽ കടക്കാനുള്ള മറ്റൊരു ഗേറ്റും അടച്ചു. പൊലീസ് സ്റ്റേഷന്റെ മതിലിന്റെ മുകളിൽ ജനങ്ങൾ കയറി തിക്കുംതിരക്കും ഉണ്ടാക്കി. മാധ്യമങ്ങൾക്ക് ഉള്ളിൽ കടക്കാൻ അനുമതി നൽകിയില്ല.
സ്റ്റേഷന്റെ ഗേറ്റ് തുറന്ന് പ്രതികളെ കൊണ്ടുവന്ന വാഹനം ഉള്ളിലാക്കി പൊലീസ് ഗേറ്റ് അടക്കുകയായിരുന്നു. 10 മിനിറ്റിനുശേഷം മാധ്യമ പ്രവർത്തകർക്ക് മാത്രം സ്റ്റേഷനുള്ളിൽ കയറാൻ അനുമതി നൽകി. മാധ്യമങ്ങളോട് എ.ഡി.ജി.പി അജിത്ത് കുമാർ സംഭവം വിവരിച്ചത് ശബ്ദം കുറവായതിനാൽ മാധ്യമപ്രവർത്തകരിൽ പലർക്കും പിന്തുടരാനായില്ല. വെള്ളിയാഴ്ച കൊല്ലം റൂറൽ പ്രസിൽ രാത്രി പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചെങ്കിലും ഒരു മണിയോടെ ഒഴിവാക്കുകയായിരുന്നു. പിന്നീട് പൂയപ്പള്ളി സ്റ്റേഷനിൽ വാർത്തസമ്മേളനം നടത്താൻ തീരുമാനിച്ചു.
ഈസമയം പ്രതികളെ കാണണമെന്ന് സ്ത്രീകൾ കൂക്കിവിളിച്ചു. 20 മിനിറ്റ് കഴിഞ്ഞ് പൊലീസ് പ്രതികളെ കൊണ്ടുപോകുന്നതിനായി ട്രാവൽവാഹനം ഓണാക്കി. വീണ്ടും ജനങ്ങളുടെ തിക്കും തിരക്കും ഉണ്ടായി. തുടർന്ന് മൂന്ന് പ്രതികെളയും കൊട്ടാരക്കര കോടതിയിലേക്ക് കൊണ്ടുപോയി.ചാത്തന്നൂർ: കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടും ഫാം ഹൗസും കാണുന്നതിന് നൂറുകണക്കിന് ആളുകളാണ് എത്തിയത്.
പത്രമാധ്യമപ്രവർത്തകരും ചാനൽസംഘങ്ങളും എത്തിയതോടെ ബഹളമയമായി പ്രദേശമാകെ ആൾക്കാരെ കൊണ്ട് നിറഞ്ഞു. പലരും ആക്രമണത്തിന് മുതിർന്നതോടെ പൊലീസ് സ്ഥലത്തെത്തി വീട് നിൽക്കുന്ന സ്ഥലത്തേക്ക് ആൾക്കാരെ കയറ്റിവിടാതിരിക്കാൻ വഴിയടച്ചതോടെ കുറച്ചു ശമനമുണ്ടായി. ഇതിനിടയിൽ ചിറക്കരയിലെ ഫാം ഹൗസ് തേടി ആൾക്കാർ എത്തിയതോടെ അവിടെയും തിരക്കായി. പരവൂർ-പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് സംഘമെത്തി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
രാത്രി വൈകിയും ഇവിടേക്കുള്ള ആൾക്കാരുടെ വരവ് തുടരുന്നത് തലവേദനയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരും ചിറക്കരയിലും കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ നിരവധിപേർ ചാത്തന്നൂരിലെ ഇവരുടെ വീടിനുമുന്നിലും ചിറക്കരയിലെ ഫാം ഹൗസിന് സമീപത്തുമായുമുണ്ട്.
ചാത്തന്നൂർ: കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ അടുത്തദിവസംതന്നെ പൊലീസ് സംഘം ചിറക്കരയിലും പുത്തൻകുളം ഭാഗത്തുമെത്തി അന്വേഷണം നടത്തിയിരുന്നു.
കല്ലുവാതുക്കലിൽനിന്ന് കാർ ചിറക്കരയിലേക്ക് പോയതായി നിരീക്ഷണ കാമറകളിൽ കണ്ടിരുന്നു. ചിറക്കരയിലെത്തിയ പൊലീസ് സംഘം കാര്യമായി അന്വേഷിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.