വാദിയെ പ്രതിയാക്കുന്ന പൊലീസ്; ഇരയാകുന്നത് നിരപരാധികൾ

കൊല്ലം: 'പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ നീയൊക്കെ അനുഭവിക്കും...', കാക്കി ദേഹത്ത് കയറിയാൽ തന്നെ ഏമാന്മാർക്കൊരു വല്ലാത്ത മാറ്റമാണ്. സ്റ്റേഷനിൽ പരാതിയുമായെത്തുന്ന നിരപരാധികൾവരെ കാക്കിയുടെ ഹുങ്കിൽപെട്ടുപോയ കഥകൾ നിരവധിയാണ്.

അത്തരത്തിൽ വാദിയെ പ്രതിയാക്കിയ സംഭവത്തിൽ 'എമാന്മാർ' പെട്ടുപോയ സംഭവമാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലുണ്ടായത്. സാധാരണ സ്റ്റേഷനിൽ വിളിച്ചാൽപോലും ഒന്നുമില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥർ അന്ന് സംഭവം നടന്നപ്പോൾ മാധ്യമങ്ങളെ വിളിച്ചത് നിരവധി തവണയാണ്.

'സൈനികന്‍റെ നേതൃത്വത്തിൽ സ്റ്റേഷൻ ആക്രമിച്ചു..., പൊലീസ് ഉദ്യോഗസ്ഥനെ തലക്കടിച്ചു വീഴ്ത്തി...'. വിവരം അന്വേഷിച്ച് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകർക്ക് പ്രതികളുടെ ചിത്രങ്ങളും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രവും ഉടൻ തന്നെ നൽകി.

രാത്രി ചാനലുകളിൽ ബ്രേക്കിങ് ന്യൂസായി സ്ക്രോൾ ചെയ്ത വാർത്ത പിന്നീട് അച്ചടി മാധ്യമങ്ങളുടെ ഒന്നാംപേജിൽ വരെ ഇടംപിടിച്ചു. എം.ഡി.എം.എ കേസിൽ പ്രതികളെ ജാമ്യത്തിലെടുക്കാൻ വന്ന സൈനികന്‍റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷൻ അതിക്രമിച്ചുകയറി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നതായിരുന്നു ആദ്യ ദിവസം പൊലീസ് പുറത്തുവിട്ട വിവരം.

ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈം സംഭവങ്ങളിലൊന്നായി എല്ലാവരും മറന്ന സംഭവത്തിന് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ട്വിസ്റ്റുണ്ടാവുന്നത്. ആഗസ്റ്റ് 25ന് രാത്രിയാണ് കിളികൊല്ലൂർ സ്റ്റേഷനിൽ സംഭവങ്ങളുടെ തുടക്കം. ഒരു കേസിൽ അറസ്റ്റിലായ നാട്ടുകാരായ പ്രതികൾക്ക് ജാമ്യമെടുക്കാൻ വരണമെന്നാവശ്യപ്പെട്ട് കൊറ്റങ്കര സ്വദേശിയും പൊതുപ്രവർത്തകനുമായ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

എം.ഡി.എം.എ കേസിലെ പ്രതിക്കാണെന്ന് ജാമ്യംനിൽക്കാൻ ആവശ്യപ്പെട്ടതെന്ന് വിഘ്നേഷ് അറിഞ്ഞതോടെ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി. പുറത്തിറങ്ങി സഹോദരനും സൈനികനുമായ വിഷ്ണുവിനൊപ്പം മടങ്ങാൻ തുടങ്ങവേ സ്റ്റേഷനിൽനിന്ന് എ.എസ്.ഐ പ്രകാശ് ചന്ദ്രൻ ഇറങ്ങി വന്ന് ബൈക്ക് തടഞ്ഞനിർത്തി താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചു.

പൊലീസുകാരൻ മദ്യപിച്ച് പ്രശ്നം സൃഷ്ടിച്ചുവെന്ന് പരാതിപ്പെടാനായി വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ എത്തിയതോടെ കഥമാറി. പൊലീസുകാർ മാറി മാറി ഇരുവരെയും മർദിച്ചു. പ്രതിരോധത്തിനിടയിൽ എ.എസ്.ഐ പ്രകാശ് ചന്ദ്രനും പരിക്കേറ്റു. സൈനികനെയും സഹോദരനെയും പ്രതികളാക്കി കേസെടുത്ത പൊലീസ് പിറ്റേദിവസം മെഡിക്കൽ നടത്താൻ ആശുപത്രിയിൽ എത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരെ വിളിച്ചറിയിക്കാൻ മറന്നില്ല.

പൊലീസിന്‍റെ മർദനത്തിൽ പരിക്കേറ്റ സഹോദരങ്ങൾ 12 ദിവസമാണ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ടാണ് വിഷ്ണു അവധിക്ക് നാട്ടിലെത്തിയത്. കേസിൽ അകപ്പെട്ട് ജയിലിൽ കിടന്നതോടെ വർഷങ്ങളായി ഉറപ്പിച്ചുവെച്ചിരുന്ന ആ വിവാഹം മുടങ്ങി. കൂടാതെ, പൊലീസ് കായികക്ഷമതക്ക് പങ്കെടുക്കേണ്ട വിഘ്നേഷിനും സംഭവത്തെ തുടർന്ന് അവസരം നടഷ്ടമായി.

ഇരുവരും ചേർന്ന് മുഖ്യമന്ത്രി, ഡി.ജി.പി, പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി എന്നിവർക്ക് പരാതി നൽകി. ശേഷം വിഷ്ണു ജോലി സ്ഥലത്തേക്ക് മടങ്ങി. കമീഷണർക്ക് നൽകിയ പരാതിയിൽ സ്പെഷൽ ബ്രാഞ്ചും ക്രൈംബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചപ്പോഴാണ് 'കള്ളൻ കപ്പലിൽ' തന്നെയെന്ന് കണ്ടെത്തിയത്.

ഇരുവരെയും പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി മർദിക്കുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് നിലപാട് നാടകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. കിളികൊല്ലൂർ എസ്.ഐ എ.പി. അനീഷ്, സീനിയർ സി.പി.ഒമാരായ ആർ. പ്രകാശ് ചന്ദ്രൻ, വി.ആർ. ദിലീപ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.

ഇപ്പോൾ സ്ഥലംമാറ്റിയവരെയും സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. വിനോദിനെയും സസ്പെൻഡ് ചെയ്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് കമീഷണറെ ചുമതലപ്പെടുത്തി.

നിജസ്ഥിതി പുറത്തുവന്നെങ്കിലും നിരപരാധികളായ സഹോദരങ്ങൾ അനുഭവിച്ച മാനസിക, ശാരീരിക പീഡനത്തിന് എന്തുപരിഹാരമെന്ന ചോദ്യമാണുയരുന്നത്. ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനം ചോദിച്ചാൽ പ്രതിയാക്കി ഒരു മനുഷ്യനെ തന്നെ ഇല്ലാതാക്കി മാറ്റുന്ന പൊലീസിന്‍റെ ഈ പ്രവണത എന്ന് അവസാനിക്കുമെന്നാണ് സമൂഹത്തിൽ നിന്നുയരുന്ന ചോദ്യം.

കിളികൊല്ലൂർ സംഭവത്തിൽ നിജസ്ഥിതി ബോധ്യപ്പെട്ട് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ ശക്തമായ നിലപാടെടുത്ത് സഹോദരങ്ങൾക്കൊപ്പം നിന്നതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. സ്റ്റേഷനിലെ കാമറ ദൃശ്യങ്ങൾ തന്നെ നടന്ന യാഥാർഥ്യം പുറത്തുകൊണ്ടുവന്നതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ന്യായീകരിക്കാനും കഴിയുന്നില്ല.

മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊല്ലം: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ല പൊലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കിളികൊല്ലൂര്‍ സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമാണ് പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും ക്രൂരമായ മര്‍ദനമേൽക്കേണ്ടി വന്നത്. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും വ്യാജമാണെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Tags:    
News Summary - kollam kilikollur police station incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.