കൊല്ലം: കാത്തുസൂക്ഷിച്ചില്ലെങ്കിൽ പ്രതിഭകളെ മറ്റുള്ളവർ കൊത്തിക്കൊണ്ടുപോകുമെന്നത് കായികലോകത്ത് പുതിയ കാര്യമല്ല. അത്തരത്തിൽ കൊല്ലം കാത്തുസൂക്ഷിക്കാതെപോയ പ്രതിഭകളെ മറ്റ് ജില്ലക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലക്ക് നഷ്ടമായത് സ്വർണമുൾപ്പെടെ അഞ്ചിലധികം മെഡലുകൾ.
സബ് ജൂനിയർ കാലഘട്ടത്തിൽ കൊല്ലം സായിയുടെ മുൻനിര താരമായി തിളങ്ങിയ കണ്ണനല്ലൂർകാരി നയന ജോസ് മുതൽ ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ പിൻഗാമികളായി നിലമേൽ ഗ്രാമത്തിൽനിന്ന് ഉയർന്നുവരുന്ന എസ്. മുഹമ്മദ് സ്വാലിഹ്, ഇർഫാൻ മുഹമ്മദ്, എൻ. ആദിൽ എന്നിവർവരെ നേടിയ ഒരുപിടി മെഡലുകളാണ് കൊല്ലത്തുകാർ മറ്റ് ജില്ലകൾക്കായി തിരുവനന്തപുരത്തെ ട്രാക്കിൽ ഓടിയെടുത്തത്.
കോഴിക്കോട് ഉഷ സ്കൂളിൽ പരിശീലനം നടത്തുന്ന നയന ജോസ്, പൂവമ്പായി എ.എം.എച്ച്.എസിനായി സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണവും 100 മീറ്റർ ഹർഡിൽസിൽ വെള്ളിയും സ്വന്തമാക്കി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ, 1500 മീറ്റർ ഇനങ്ങളിൽ വെള്ളി നേടിയ നിലമേൽകാരൻ എസ്. മുഹമ്മദ് സ്വാലിഹ് കോട്ടയം പാല സെന്റ് തോമസ് എച്ച്.എസ്.എസിന് വേണ്ടിയാണ് കളത്തിലിറങ്ങിയത്. 4x400 മീറ്റർ റിലേയിൽ കോട്ടയം ടീം സ്വർണം നേടിയപ്പോഴും പ്രധാന കരുത്തായി സ്വാലിഹ് ഉണ്ടായിരുന്നു. ജൂനിയർ 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരം സായിയുടെ താരമായാണ് ഇർഫാൻ മുഹമ്മദ് വെങ്കലം ഓടിയെടുത്തത്. ജൂനിയർ 4x400 മീറ്റർ റിലേയിൽ വെള്ളി നേടിയ കോഴിക്കോട് ടീമിലെ അംഗമായി എൻ. ആദിലും നിലമേലിന്റെ അഭിമാനമായി. ഈ കണക്കിൽ റിലേ മെഡൽ കൂട്ടാതെതന്നെ അഞ്ച് മെഡലുകളാണ് 'കൊല്ലത്തിന്റെ കുട്ടികൾ' സ്വന്തമാക്കിയത്. മികച്ച പരിശീലനവും പിന്തുണയും നൽകാൻ ജില്ലയിലെ അധികൃതർ മറന്നപ്പോൾ ആ മെഡലുകളുടെ അവകാശം മറ്റ് ജില്ലകൾക്കായി.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രധാന കേന്ദ്രം നഗരഹൃദയത്തിൽ പ്രവർത്തിക്കുമ്പോഴും പേരിന് ഒരു സിന്തറ്റിക് ട്രാക്ക് പോലുമില്ലാത്ത കൊല്ലത്തിന് നയന ജോസിനെപോലുള്ള പ്രതിഭകൾ മറ്റ് ജില്ലകളിലേക്ക് ചേക്കേറുന്നത് കണ്ടുനിൽക്കാനേ കഴിയൂ. കായികാധ്യാപകൻ അൻസറിന്റെ ശിക്ഷണത്തിൽ വർഷങ്ങളോളം ജില്ലയിൽ തുടർന്നതിനുശേഷമാണ് നല്ലൊരു ഭാവി തേടി നിലമേൽകാരായ മെഡൽ ജേതാക്കൾ മറ്റ് ജില്ലകളിലേക്ക് തിരിഞ്ഞത്. കൊല്ലത്തുനിന്നാൽ ഒടാറിട്ട റോഡിൽ ഓടിപ്പഠിക്കാനേ അവർക്ക് സാധിക്കൂ.
പുനലൂർ, അഞ്ചൽ, നിലമേൽ എന്നിവിടങ്ങളിൽ മികച്ച പരിശീലനവും സൗകര്യങ്ങളും ലഭിക്കാത്തതിനാൽ എങ്ങുമെത്താതെ പോകുന്ന അത്ലറ്റിക്സ് പ്രതിഭകൾ ധാരാളമാണ്. സ്റ്റേഡിയത്തിനായി ഇവിടത്തുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.
എന്നാൽ, കൈത്താങ്ങാകാം എന്ന വാഗ്ദാനമല്ലാതെ കൈകൊടുക്കാൻ രാഷ്ട്രീയ നേതൃത്വത്തിനോ കായിക മേധാവികൾക്കോ താൽപര്യമില്ല. സഹായം വരുന്നതുവരെ കാത്ത് പ്രതിഭകളെ നശിപ്പിക്കാതെ, അവർക്ക് മികച്ച അവസരം കിട്ടുന്നിടത്തേക്ക് പറഞ്ഞുവിടുകയേ വഴിയുള്ളൂവെന്ന് ജില്ലയിലെ കായികാധ്യാപകർ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ, കൊല്ലത്തിന്റെ മെഡൽ നഷ്ടക്കണക്ക് വരുംവർഷങ്ങളിൽ കൂടുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.