കൊട്ടാരക്കര: കൊട്ടാരക്കരയിലെ ആധുനിക സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർമാണം ആരംഭിച്ച ദിവസം തന്നെ നിർത്തിവെച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരമാണ് താൽക്കാലികമായി നിർമാണം നിർത്തിയത്. പുനഃക്രമീകരിച്ച അടങ്കലിന് സാങ്കേതികാനുമതി ലഭിക്കാതെ നിർമാണം ആരംഭിക്കാൻ കഴിയില്ലെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനീയർ അറിയിക്കുകയായിരുന്നു.
മാർച്ച് 11 നാണ് നിർമാണത്തിനായി ശിലാസ്ഥാപനം നടത്തിയത്. വേഗത്തിൽ തയാറാക്കിയ അടങ്കൽ അനുസരിച്ചാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. എന്നാൽ മണ്ണ് പരിശോധന ഉൾപ്പെടെ നടത്തി പുതിയ രൂപരേഖയും പുനഃക്രമീകരിച്ച എസ്റ്റിമേറ്റും പിന്നീട് തയാറാക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോ സാങ്കേതിക അനുമതിയോ വാങ്ങിയില്ല. ഇതില്ലാതെ പൈലിങ് ഉൾപ്പെടെയുള്ള ജോലികൾ ആരംഭിക്കാനായിരുന്നു ശ്രമം.
പ്രവൃത്തികൾ ആരംഭിച്ച ശേഷമാണ് എ.എക്സ്.ഇ യെ വിവരം അറിയിക്കുന്നത്. 75 ലക്ഷം രൂപയുടെ പദ്ധതിയായതിനാൽ ബ്ലോക്ക് എ. എക്സ്. ഇയാണ് മേൽനോട്ടം വഹിക്കേണ്ടത്. ആഴത്തിലുള്ള പൈലിങ് ജോലികൾക്ക് കൃത്യമായ ഉദ്യോഗസ്ഥ മേൽനോട്ടം ആവശ്യമാണ്. മുന്നൊരുക്കമില്ലാതെ സ്റ്റാൻഡിൽ നിലവിലുണ്ടായിരുന്ന കോൺക്രീറ്റ് കുത്തിയിളക്കുകയും ചെയ്തു. ഇതോടെ പൊടി ശല്യം യാത്രക്കാർക്ക് ദുരിതമായി. എന്നാൽ സാങ്കേതിക പ്രശ്നം മാത്രമാണുള്ളതെന്നും വേഗത്തിൽ പരിഹരിച്ച് തിങ്കളാഴ്ച തന്നെ നിർമാണം പുനരാരംഭിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.