കൊട്ടാരക്കര : കരീപ്ര തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലാ തോട് വൃത്തിയാക്കാതെ പാഴ് ചെടികൾ വളർന്നും കാടും മൂടിയും നീരൊഴുക്ക് ഇല്ലാതായതോടെ കർഷകർ ദുരിതത്തിൽ. കാല വർഷം സജീവമാകുന്നത്തോടെ ഒഴുക്ക് വെള്ളം തോട് മുറിഞ്ഞു കൃഷിയിടത്തിലേക്കു വെള്ളം മറിയുമെന്ന ഭയത്തിലാണ് ഏലായിലെ നെൽ കർഷകർ. കഴിഞ്ഞ ഒന്നാം വിള കൃഷിയിൽ തെളിക്കാത്ത തോട്ടിൽ നിന്നും വെള്ളം മറിഞ്ഞു ഏക്കർ കണക്കിന് നെൽ കൃഷി നശിച്ചു. ഇപ്പോൾ ഒന്നാം കൃഷി തുടങ്ങാൻ സമയമായപ്പോഴും തോട് തെളിയിക്കാത്തതിൽ കഴിഞ്ഞ വർഷത്തെ കൃഷി നാശം ഓർത്തു വിഷമത്തിലാണ് കർഷകർ.
കൃഷി നാശം ഉണ്ടായ കർഷകർക്ക് ചില്ലി കാശ് നഷ്ട പരിഹാരമായി ലഭിച്ചിട്ടില്ല എന്നതും കർഷകരെ വിഷമത്തിലാക്കുന്നുണ്ട്. തളവൂർകോണം, പാട്ട് പുരയ്ക്കൽ ഏലാകളിലെ വർഷങ്ങളായുള്ള ആവശ്യമാണ് ഏലാ തോട് നവീകരിക്കണമെന്ന്. ഇതിനായി ത്രിതല പഞ്ചായത്ത് മുതൽ എം.എൽ.എ, എം.പി, കൃഷി മന്ത്രി വരെയുള്ളവരെ ശ്രദ്ധയിൽ കൊണ്ടു വന്നെങ്കിലും തോട് തെളിയിക്കൽ വാഗ്ദാനം മാത്രമായി. കഴിഞ്ഞ കൊയ്ത്തുത്സവത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോട് തെളിയിക്കാമെന്ന് നൽകിയ വാഗ്ദാനവും നടപ്പിലായില്ല.
അധികൃതരുടെ അനാസ്ഥ മൂലവും പ്രകൃതി ക്ഷോഭം മൂലവും വൻ കൃഷി നാശവും സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടും പ്രദേശത്തെ നെൽ കർഷകർ നെൽ കൃഷിയെ കൈവിടാതെ മുന്നോട്ട് പോകുകയാണ്. അടിയന്തിര സാഹചര്യത്തിൽ ഏലാതോട് നവീകരിച്ചു കൃഷിക്ക് ഉപയുക്തമാക്കാൻ ത്രിതല പഞ്ചായത്ത്, മന്ത്രിമാർ വരെയുള്ള ജനപ്രധിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാവണമെന്നാണ് ഏല സമിതി കർഷകരുടെ ആവശ്യം. ഇത് സംബന്ധിച്ചു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകുമെന്നു ഏലാ സമിതി സെക്രട്ടറി ബി. ചന്ദ്രശേഖരൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.